കോഴിക്കോട്: മദ്യം നൽകിയ ശേഷം നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ താമസിച്ചിരുന്ന പ്രതികളുടെ മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് കുറ്റവാളികൾ. ഇവർ എറണാകുളം ജില്ലക്കാരാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
പെൺകുട്ടി കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ്. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കി. പീഡനശേഷം പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷമായിരന്നു കസബ പൊലീസ് കേസെടുത്തത്.