തിരുവനന്തപുരം: പി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോള്‍ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.പി കെ.സുധാകരന്‍. സി.പി.എം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണു കിടക്കുമ്പോള്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണ്?.
സി.പി.എമ്മിന്റെ പങ്ക് സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍ ദേശീയ നേതൃത്വം സി.പി.എം കേരള ഘടകത്തിന് നേര്‍വഴി കാട്ടാന്‍ ഇടപടുമോെയെന്നും അദ്ദേഹം ചോദ്യമുയർത്തി. സി.പി.എമ്മിന്, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സമകാലിക സംഭവങ്ങളില്‍ നിര്‍ണായക പങ്കുള്ളതിനാല്‍ കേരളീയ സമൂഹത്തിന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയ സുധാകരന്‍ യെച്ചൂരിയോട് ചോദ്യങ്ങളും ഉന്നയിച്ചു.