ആസ്വാദനത്തിൻറെ കൊടുമുടികൾ കീഴടക്കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ആഗോളവേദിയിലെ അംഗീകാരവും. പ്രതീക്ഷകൾ കാത്തുകൊണ്ടു ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണു പുരസ്കാരലബ്ധി. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.
സാക്ഷികളായി നാട്ടു നാട്ടുവിൻറെ ചടുലചുവടുകൾ അഭ്രപാളിയിൽ അവതരിപ്പിച്ച ജൂനിയർ എൻ.ടി.ആറും രാംചരണും സംവിധായകൻ എസ്.എസ് രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു. ഇന്ത്യയുടെ ഓസകർ പ്രതീക്ഷകളെ വാനോളമുയർത്തിയാണു നാട്ടു നാട്ടു നോമിനേഷനിൽ എത്തിയത്. നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇതേ ഗാനത്തിനു ലഭിക്കുമ്പോൾ ഓസ്കറും അകലെയല്ലെന്നു പ്രവചിച്ചിരുന്നു പലരും. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറെന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനം അതിർത്തികളില്ലാതാക്കിയ സൃഷ്ടിയാണ്.