Timely news thodupuzha

logo

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ്

“മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ് ഫ്ളിക്സിനും നന്ദി. ഈ പുരസ്കാരം എൻറെ മാതൃരാജ്യത്തിനു സമർപ്പിക്കുന്നു” = ഏറെ വൈകാരികമായിരുന്ന ദ എലഫൻറ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ദ എലഫൻറ് വിസ്പറേഴ്സ് അവാർഡ് നേടിയത്.

ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, തൻറെ സൃഷ്ടിക്കു ലഭിച്ച പരമോന്നത ബഹുമതി മാതൃരാജ്യത്തിനു സമർപ്പിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണു കാർത്തികി വാക്കുകൾ അവസാനിപ്പിച്ചത്. നിർമാതാവ് ഗുനീത് മോംഗയും പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി വേദിയിലെത്തിയിരുന്നു. തമിഴ്നാട് മുതുമലൈ ദേശീയ പാർക്കിൽ രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മൻറെയും ബെല്ലിയുടെയും ജീവിതമാണു എലഫൻറ് വിസ്പറേഴ്സിൽ കാർത്തികി പകർത്തിയത്.

അപൂർവമായ മനുഷ്യ-മൃഗ ഹൃദയബന്ധത്തിൻറെ കഥ. ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഡോക്യുമെൻററി ഒരുക്കിയത്. ഊട്ടിയിൽ ജനിച്ചു വളർന്ന കാർത്തികി ഫോട്ടൊഗ്രഫർ കൂടിയാണ്.

Leave a Comment

Your email address will not be published. Required fields are marked *