മുംബൈ: ദീർഘദൂര ട്രെയിനുകളിൽ വേനൽ തിരക്ക് വർധിച്ചതോടെ സെൻട്രൽ റെയിൽവേയിൽ അലാറം ചെയിൻ വലിക്കുന്ന സംഭവങ്ങളും വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 69 ദിവസങ്ങളിൽ (ജനുവരി 1 മുതൽ മാർച്ച് 10 വരെ), സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷൻ 778 ചെയിൻ വലിച്ച കേസുകൾ രജിസ്റ്റർ ചെയ്തു, പ്രതിദിന കേസുകൾ ശരാശരി 11 കേസുകളിൽ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കേസുകൾ കൂടുതലാണ്. അതേസമയം 2022ൽ ആകെ 3,424 ചെയിൻ വലിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
“ഇത്തരം സംഭവങ്ങളെക്കുറിച്ച് സെൻട്രൽ റെയിൽവേ, മുംബൈ ഡിവിഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. 2022-ൽ 3,424 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,980 യാത്രക്കാർക്കെതിരെ 9.90 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു,” റെയിൽവേ വക്താവ് പറഞ്ഞു. ഈ വർഷം ഇതുവരെ 778 കേസുകൾ രജിസ്റ്റർ ചെയ്യുകയും 661 യാത്രക്കാരിൽ നിന്നും 4.54 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരംപല കേസുകളിലും അനാവശ്യമായി ചെയിൻ വലിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്.