പത്തനംതിട്ട: സി.പി.ഐ.എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി.
സഭാതർക്ക വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമരങ്ങൾക്ക് ആരും എതിരല്ല. അത് എന്ത്, എന്തിന് എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവള വിഷയത്തിൽ കേന്ദ്രത്തിന്റെ അംഗീകാരം കൂടി വേണം.സർക്കാരിന്റെ കയ്യിലേക്ക് ഒരുക്ഷേത്രത്തിലേയും പണം കിട്ടുന്നില്ല. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാർ കൊടുത്തത് പോലെ ഒരു സർക്കാരും പെൻഷനും ശമ്പളത്തിനും വേണ്ടി സഹായം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.