ഷഹാപുർ: കർഷകരുടെ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് നാസിക്കിൽനിന്ന് മുംബൈയിലേയ്‌ക്ക് മുന്നേറുന്ന ലോങ് മാർച്ചിന്റെ നേതൃത്വവുമായി ചർച്ച നടത്താൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ രണ്ട് മന്ത്രിമാരെ നിയോഗിച്ചു. മന്ത്രിമാർ താനെയിലെ ഷഹാപുരിലെത്തി അഖിലേന്ത്യ കിസാൻസഭ നേതാക്കളുമായി ചർച്ച നടത്തും. ലോങ് മാർച്ച് 120 കിലോമീറ്റർ പിന്നിട്ടിരിക്കെ കർഷകരുടെ പ്രതിഷേധം നിയമസഭയിൽ പ്രതിപക്ഷം അടിയന്തര വിഷയമായി ഉയർത്തി. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നു.
ഇതേതുടർന്നാണ് മന്ത്രിമാരെ ചർച്ചയ്‌ക്കായി അയച്ചത്. കിസാൻസഭ നേതാക്കൾ നിയമസഭ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയുമായി നടത്താനിരുന്ന ചർച്ച ഇതേതുടർന്ന് മാറ്റി. ഉള്ളിക്കും തക്കാളിക്കും പരുത്തിക്കും താങ്ങുവില ലഭ്യമാക്കുക, വൈദ്യുതി ന്യായവിലയിൽ 12 മണിക്കൂർ വിതരണം ചെയ്യുക, കാർഷിക കടാശ്വാസപദ്ധതി പൂർണമായി നടപ്പാക്കുക എന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോങ് മാർച്ച്. കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജെ പി ഗവിത്, ഡോ. അജിത് നവലെ എന്നിവർ മാർച്ചിന് നേതൃത്വം നൽകുന്നു.