Timely news thodupuzha

logo

മൂലമറ്റത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സിൻ്റെ മൂന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കോൺക്രീറ്റും തേപ്പും അടർന്ന് വീണു; വൻ ദുരന്തം ഒഴിവായി

മൂലമറ്റം: ടൗണിലെ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സിൻ്റെ മൂന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കോൺക്രീറ്റും തേപ്പും അടർന്ന് വീണു. ഭാ​ഗ്യവശാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് പലപ്പോഴും അപകടകാരണമാകാറുണ്ട്. അനവധി ബിസിനസ് സ്ഥാപനങ്ങൾ, ജില്ല പട്ടികജാതി വികസനവകുപ്പ് ഓഫീസ്, ജില്ല മണ്ണു സംരക്ഷണ ഓഫീസ്, ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിംങ്, പട്ടികവർഗ്ഗ ട്രൈബൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെത്തുന്നവർ ഏറെ ഭയന്നാണ് ഇവിടെ ഇരിക്കുന്നത്.

മൂന്നാം നിലയിലുള്ള ഗവ.സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ വിദ്യാർത്ഥികളും ജീവനക്കാരും, പട്ടികവർഗ്ഗ ട്രൈബൽ മെഡിക്കൽ യൂണിറ്റ് ജീവനക്കാരുമാണ് ഏറെ ഭീതിയിലായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നു കോൺക്രീറ്റ് പാളികൾ ഏറെ അടർന്നു വീഴുന്നത് മൂന്നാം നിലയിലാണ്. അടർന്നുവീഴുന്ന കോൺക്രീറ്റ് പാളികളും റോഡിലേയ്ക്കും വീഴുന്നുണ്ട്. ഇതുമൂലം ബസ് സ്റ്റാന്റിലെത്തുന്നവർ പലപ്പോഴും അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.

കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് എല്ലാവർഷവും ലക്ഷക്കണക്കിനു രൂപയാണ് ചിലവഴിക്കുന്നത്. എന്നാൽ ഈ തുക ഫലപ്രദമായി ചിലവഴിക്കാത്തതാണ് കെട്ടിടത്തിൽ നിന്നും പാളികൾ അടർന്നു വീഴാൻ കാരണം. കെട്ടിടത്തിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികൾ വരുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. ഇടിഞ്ഞ് വീണ കോൺക്രീറ്റ്, ഗ്രൗണ്ട് ഫ്ലോറിലെ രാഗം ടെക്സ്റ്റയിൽസിൻ്റെയും എം.സി.എം സ്റ്റേഴ്സിൻ്റെയും മുമ്പിലെ ഷീറ്റിൽ, വീണ് ചിതറി. തുടർന്ന് സമീപത്ത് നിന്നിരുന്നവർ ഓടി മാറുകയായിരുന്നു.

1982 ൽ ആണ് കെട്ടിടത്തിന് തറക്കല്ലിടുന്നത്. 1984 ൽ ഉദ്ഘാടനവും നടത്തി. കാലപഴക്കവും പണിയിലെ ക്രമക്കേടും തകർച്ചയ്ക്ക് കാരണമാണ്. തൊടുപുഴ, ഇടുക്കി, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വണ്ടികളും യാത്രക്കാരും നിൽക്കുന്ന സ്റ്റോപ്പാണ് ഇവിടം. ഈ കെട്ടിടം ഇനി മെയ്ൻ്റനൻസ് ചെയ്തിട്ട് കാര്യമില്ല. അതുകൊണ്ട് എത്രയും വേഗം ഈ കെട്ടിടം പൊളിച്ച് മാറ്റണമെന്നും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കടകളും ഒഴിപ്പിച്ച് മനുഷ്യ ജീവൻ തകരാറിലാവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വലിയ വിപത്തിന് കാരണമാവുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *