ന്യൂഡൽഹി: തൂക്കിലേറ്റിയുള്ള വധശിക്ഷയെന്ന ശിക്ഷാമാർഗം വേണമോയെന്ന ചോദ്യത്തിനു പഴക്കമേറെയുണ്ട്. എങ്കിലും കൃത്യമായൊരു പോംവഴിയിലേക്കോ, പരിഹാരത്തിലേക്കോ എത്താൻ ഇതുവരെ നിയമ സംവിധാനങ്ങൾക്കു സാധിച്ചിട്ടുമില്ല. ഇന്നു സുപ്രീം കോടതി ചോദിച്ചിരിക്കുന്നു, തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്കൊരു ബദൽമാർഗം വേണ്ടേയെന്ന്. തൂക്കിലേറ്റിയുള്ള വധശിക്ഷ വേദനാജനകവും മനുഷ്യത്വരഹിതവുമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു ചർച്ചകൾക്കു തുടക്കമാകുന്ന സുപ്രീം കോടതിയുടെ പരാമർശം.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കാനും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളിതുവരെ ക്യാപിറ്റൽ പണിഷ്മെന്‍റെന്നു വിശേഷിപ്പിക്കപ്പെട്ട തൂക്കിലേറ്റിയുള്ള മരണത്തിനൊരു തിരുത്തലുണ്ടാക്കാൻ പരമോന്നത കോടതിയുടെ ചോദ്യത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണാം.