കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി.
തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
നാലാം പ്രതി ഷംസുദ്ദിനെ (28) കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. കേസിൽ അന്തിമ വാദം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ മുമ്പാകെ ഓക്ടോബർ 18ന് പൂർത്തിയായിരുന്നു.
എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് അപേക്ഷിച്ചിരിന്നത്. ഒക്ടോബർ 29ന് വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കോടതി കൂടുതൽ വ്യക്തത തേടുകയായിരുന്നു.
വീണ്ടും വാദം കേട്ട ശേഷമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയാൻ തീരുമാനിച്ചത്. പ്രതികൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. 2016 ജൂൺ 15ന് രാവിലെ 10.50-ന് സംഭവം.
മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബുവച്ച് സ്‌ഫോടനം നടത്തിയത്. സ്ഫോടനത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. സിവിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ എത്തിയ പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബുവിനാണ് പരിക്കേറ്റത്. എന്‍ഐഎയാണ് പ്രതികളെ അറസ്റ്റ് ചെയ്യതത്.