കൊച്ചി: നാല് ദിവസത്തിനകം പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ക്യാന്‍സലാകുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്സസ്. പാന്‍- ആധാര്‍ രേഖകള്‍ ഈ മാസം 31നകം ലിങ്ക് ചെയ്തില്ലെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവായി പ്രഖ്യാപിക്കും.
മാത്രമല്ല അസാധുവായ കാര്‍ഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാര്‍ഡ് കഷണം മാത്രമായിരിക്കും. പാന്‍ കാര്‍ഡ് ഉടമകള്‍ സര്‍ക്കാര്‍ നല്കുന്ന നിർദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, കാര്‍ഡ് ഉടമകളുടെ നികുതിയും ബിസിനസുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവര്‍ത്തനങ്ങളും തകരാറിലാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്സസ് (സി.ബി.ഡി.ടി) സൂചന നല്‍കുന്നുണ്ട്.
മൊത്തം 61 കോടി പാന്‍ കാര്‍ഡുകളില്‍ 48 കോടി കാര്‍ഡുകള്‍ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സി.ബി.ഡി.ടി ചെയര്‍പേഴ്സണ്‍ നിതിന്‍ ഗുപ്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും കോടിക്കണക്കിന് പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും മാര്‍ച്ച് 31നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2023 മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാന്‍ ഏപ്രില്‍ മുതല്‍ നിഷ്ക്രിയമായി പ്രഖ്യാപിക്കും. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് ഫീസ്.