Timely news thodupuzha

logo

കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി

നടപ്പ്‌ വർഷം കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതിൽ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ്‌ ലക്ഷം കോടി വിദേശ കടവുമാണ്. മൊത്തം ആഭ്യന്തര വരുമാന(ജി.ഡി.പി)ത്തിന്റെ 57.3 ശതമാനമാണ്‌ കടബാധ്യതയെന്ന്‌ രാജ്യസഭയിൽ വി.ശിവദാസന്‌ നൽകിയ മറുപടിയിൽ ധന മന്ത്രാലയം അറിയിച്ചു.

വർഷം പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്‌. കോവിഡ്‌ മൂലമാണ് 2020––21 ൽ കടം കൂടിയതെന്ന്‌ കേന്ദ്രം ന്യായീകരിച്ചിരുന്നു. കോവിഡിന് മുമ്പേ കടം ഉയർന്നു തുടങ്ങിയെന്ന്‌ കണക്കുകളിൽ നിന്ന്‌ വ്യക്തം. 2017-–-18ൽ 82.9 ലക്ഷം കോടി രൂപയായിരുന്നു കടം. 2018––19ൽ 92.5 ലക്ഷം കോടിയും 2019-–-20ൽ 105.2 ലക്ഷം കോടിയുമായി. 2020––21ൽ 122.1 ലക്ഷം കോടിയായി. 2021-–-22 ൽ കടം 138.9 ലക്ഷം കോടിയായി പെരുകി. മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ 27 ലക്ഷം കോടിയും കടമാണ്. അതിൽനിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാൻ നീക്കിവയ്‌ക്കേണ്ടി വരുന്നത്.

സംസ്ഥാന ജിഡിപിയുടെ 39 ശതമാനം മാത്രമുള്ള കേരളത്തിന്റെ കടം വലിയ അപകടമായി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും മറ്റും കേന്ദ്രത്തിന്റെ ഭീമമായ കടത്തെപ്പറ്റി മിണ്ടാറേയില്ലെന്ന്‌ വി ശിവദാസൻ ചൂണ്ടിക്കാട്ടി. 4500 കോടി രൂപ മുടക്കി പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും സഞ്ചരിക്കാൻ വിമാനം വാങ്ങിയെന്ന പത്ര റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി, ചെലവായ തുക എത്രയെന്ന്‌ ചോദ്യം ഉന്നയിച്ചപ്പോൾ, “ഒരു വിവരവും വെളിപ്പെടുത്താൻ ആകില്ല’ എന്ന ഒറ്റ വരി മറുപടിയാണ്‌ പ്രതിരോധ മന്ത്രാലയം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *