ചേർപ്പ്: ആറാട്ടുപുഴ പൂരം തിങ്കളാഴ്‌ച നടക്കും. സന്ധ്യയോടെ കരുവന്നൂർ പുഴയുടെ വടക്കേ കരയിലെ ആറാട്ടുപുഴ ശാസ്‌താ ക്ഷേത്രത്തിന്റെ മുന്നിലെ കൊയ്തൊഴിഞ്ഞ പാടം പുരപ്രേമികളെക്കൊണ്ട് നിറയും. വൈകിട്ട് ആറരയോടെ പൂജകൾക്കും ചടങ്ങുകൾക്കുംശേഷം ചെമ്പട കൊട്ടി ആറാട്ടുപുഴ ശാസ്‌താവ് പുറത്തേക്കെഴുന്നള്ളും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ 15 ഗജവീരന്മാർ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നതോടെ പൂരത്തിന് തുടക്കമാകും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 250 ഓളം കലാകാരന്മാർ ഒരുക്കുന്ന പഞ്ചാരിമേളം മാസ്മരികത തീർക്കും. രാത്രി മുഴുവൻ കയറ്റവും ഇറക്കവുമായി പാണ്ടി പഞ്ചാരി മേളങ്ങളുടെ അകമ്പടിയിൽ വിവിധ ദേവീദേവന്മാരുടെ പൂരങ്ങൾ നടക്കും. രാത്രി 11 ഓടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴ് ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം നടക്കും.
11നുതന്നെ നെട്ടിശേരി ശാസ്താവിന്റെ പൂരവും എഴുന്നള്ളും. ഒരു മണിയോടെ പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി ചാലക്കുടി പിഷാരിക്കൽ ഭഗവതിമാരുടെ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെയുള്ള പൂരം.12 മണിയോടെ എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച് ആനകളുടെ പൂരത്തിന് പഞ്ചാരിമേളം അകമ്പടിയാകും. ഒരു മണിയോടെ അന്തിക്കാട് ചൂരക്കോട് ഭഗവതിമാരുടെ പൂരമെത്തും. ആറ് ആനകളും പഞ്ചാരിമേളവുമുണ്ടാകും. ഇതിനിടെ അഞ്ച് ആനകളും പാണ്ടിമേളവുമായി അർധരാത്രിയോടെ ദേവമേളയ്‌ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിലെത്തും. പല്ലിശേരി സെന്റർമുതൽ കൈതവളപ്പുവരെ തേവർക്ക് 11 ആനകളും പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. വെളുപ്പിന് നാലോടെ 50ൽപ്പരം ആനകൾ അണിനിരക്കുന്ന കുട്ടിയെഴുന്നള്ളിപ്പ് നടക്കും.ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്തുനിന്നും ഒല്ലൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറികൾ, കാർ, ജീപ്പ് തുടങ്ങിയവ തിങ്കൾ വൈകിട്ട് നാലുമുതൽ ചൊവ്വ പകൽ 11 വരെ പെരുമ്പിള്ളിശേരി, ചേർപ്പ്, പഴുവിൽ വഴി പോകണം.
ഇരിങ്ങാലക്കുട ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾ മാപ്രാണം വഴി ഹൈവേയിൽ പ്രവേശിച്ച് പോകണം. പൂരത്തിന് ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ രാജാ കമ്പനിക്കു സമീപം പല്ലിശേരി ജങ്‌ഷൻ എത്തുന്നതിന് മുമ്പ് ഒരുക്കിയ സ്ഥലത്ത് പാർക്ക് ചെയ്യണം. പുതുക്കാട് ഭാഗത്ത് നിന്നും ഞെരുവുശേരി വഴി വരുന്ന വാഹനങ്ങൾ ഞെരുവുശേരി– ആറാട്ടുപുഴ റോഡിൽ തയ്യാറാക്കിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ആറാട്ടുപുഴ പാലം – മുളങ്ങ് വഴി വരുന്നവർ മുളങ്ങ് ഗ്രൗണ്ടിനുസമീപം പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യണം. ഇരിങ്ങാലക്കുട ചെറിയപാലം വഴി ക്ഷേത്രത്തിലേക്ക് പോകുന്ന വാഹനങ്ങൾ ആയുർജ്യോതി ആശുപത്രിയുടെ സമീപം പാർക്ക് ചെയ്യണം.