തൃശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ തൃശൂരിലും പ്രതിഷേധം. ചാലക്കുടി എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ രംഗത്തെത്തി. മുതിരച്ചാലിൽ നിന്ന് പെരിങ്ങൽക്കുത്തിലേയ്ക്ക് പത്തു കിലോമീറ്റർ മാത്രമാണ് ദൂരം. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ആദിവാസി കോളനികളിലുള്ളവർ ഭീതിയിലായിരിക്കുകയാണ്.
എം.എൽ.എ സനീഷ് കുമാർ ജോസഫ് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തുറന്നടിച്ചു. നിലവിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. വിദഗ്ധ സമിതി പഠനം നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പാലക്കാട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുതലമടയിൽ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഹർത്താൽ നടത്തും. ഇതിനു പുറമേയാണ് ഇപ്പോൾ തൃശൂരിൽ പ്രതിഷേധം കനത്തിരിക്കുന്നത്.