കളമശേരി: യുവഗവേഷകർ സമൂഹത്തിന് അനുഭവവേദ്യമാകുന്ന തരത്തിലുള്ള വൈജ്ഞാനിക സമ്പദ്ഘടനയുടെ സൃഷ്ടാക്കളാകണമെന്നും വിജ്ഞാനസമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കുസാറ്റിൽ മികച്ച യുവ അധ്യാപകർക്കും ഗവേഷകർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തികമായോ സാമൂഹികമായോ പിന്തുണയില്ലാത്തതിനാൽ ഗവേഷണ രംഗത്തു നിന്ന് പിന്മാറേണ്ട അവസ്ഥ ഒരു ഗവേഷകനും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
മികച്ച യുവ അധ്യാപകനുള്ള അവാർഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിലെ പ്രൊഫ. എം.വി.ജൂഡി, ഫിസിക്സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ..സിനോയ് തോമസ് എന്നിവരും മികച്ച ഗവേഷകയ്ക്കുള്ള പുരസ്കാരം ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സിലെ എം രമ്യയും ഏറ്റുവാങ്ങി. മികച്ച സർവകലാശാലകൾക്കുള്ള ചാൻസലേഴ്‌സ് അവാർഡിന്റെ സമ്മാനത്തുക ഉപയോഗിച്ചാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.
ഫാക്കൽറ്റി അവാർഡിന് 30,000 രൂപയും പ്രശസ്തിപത്രവും റിസർച്ചർ അവാർഡിന് 20,000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുന്നത്.സർവീസിൽനിന്ന് വിരമിക്കുന്ന ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ.കെ.ഗിരീഷ് കുമാറിനെ ആദരിച്ചു. വൈസ് ചാൻസലർ ഡോ.കെ.എൻ മധുസൂദനൻ, പ്രോ- വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ, രജിസ്ട്രാർ ഡോ.വി.മീര, ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ.ശശി ഗോപാലൻ എന്നിവർ സംസാരിച്ചു.