Timely news thodupuzha

logo

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോന്നി മെഡിക്കൽ മെഡിക്കൽ കോളജിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി അക്കാദമിക്ക് ബ്ലോക്ക് നാടിന് സമർപ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,65,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണ് ഈ അക്കാദമിക് ബ്ലോക്കും അതിലെ സൗകര്യങ്ങളും. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ 100 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുതകുന്ന സൗകര്യങ്ങളുണ്ട്. അതോടൊപ്പം അത്യാധുനിക സംവിധാനങ്ങളടങ്ങിയ അത്യാഹിത വിഭാഗവും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, സ്കാനിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

കോന്നി മെഡിക്കൽ കോളേജിൽ 3.5 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുളള ലേബർ റൂമിനായുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒന്നരക്കോടിയോളം രൂപ ചെലവിൽ കാഷ്വാലിറ്റിയോട് ചേർന്ന് 2 എമർജൻസി ഓപ്പറേഷൻ തീയേറ്ററുകളുടെ നിർമ്മാണവും നടക്കുന്നു. അടുത്ത മാസം അവയും പ്രവർത്തനസജ്ജമാകും. ഈ സർക്കാരിന്റെ കാലത്ത് മാത്രം മുന്നൂറോളം തസ്തികകളാണ് ഈ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സുഗമമാക്കാനായി അനുവദിച്ചിട്ടുള്ളത്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പൊതുജനാരോഗ്യ രംഗം കെട്ടിപ്പടുക്കാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്. നവകേരളം കെട്ടിപ്പടുക്കാൻ അനിവാര്യമാണ് ജനകീയമായൊരു പൊതുജനാരോഗ്യ രംഗം. കോന്നി മെഡിക്കൽ കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉറച്ച ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *