കൊച്ചി: എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എ.ഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്.ആർ.ഐ.റ്റി കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു ഊരാളുങ്കലിന്‍റെ പ്രതികരണം.
സമൂഹമധ്യമങ്ങളിൽ ഉയരുന്ന ആരോപണം തെറ്റാണ്. അവർ പറയുന്ന പേരിൽ ആരും കമ്പനിയുടെ ഡയറക്ടർമാരായി ഇല്ല. ബാഗ്ലൂർ ആസ്ഥാനമായ എസ് ആർ ഐ റ്റി ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയിരുന്നു . അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതാണ് ULCCS SRIT. 2018 ൽ ഈ ദൗത്യം പൂർത്തിയായതോടെ ഈ സംരംഭം പിരിച്ചുവിടുകയും ചെയ്തു. ഇപ്പോൾ ULCCS SRIT എന്നോരു സംരംഭം ഇല്ല.
എന്നാൽ, കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്സൈറ്റുകളിൽൽ എസ്ആർടി എന്നു തെരഞ്ഞാൽ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി കിട്ടാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്‌സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇത് കണ്ടിട്ടാണ് പലരും എസ്ആർഐടിയാണ് യുഎൽസിസിഎസ് എസ്ആർഐടി എന്ന് തെറ്റുധരിക്കുന്നത്.
എസ്ആർഐടി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എസ്ആർഐടിയുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ യുഎൽസിസിഎസിന് ഒരു ബന്ധവുമില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഊരാളുങ്കളിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നൽകിയ മാധ്യമങ്ങൾ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽനിന്നടക്കം ആ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഊരാളുങ്കൽ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.