മുംബൈ: തെരഞ്ഞെടുപ്പിനെ നേരിടാൻ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ വെല്ലുവിളിച്ച് വീണ്ടും ഉദ്ധവ് താക്കറെ രംഗത്ത്. തന്‍റെ പിതാവിന്‍റെ പേരും പാർട്ടിയുടെ പേരും ചിഹ്നവും മോഷ്ടിച്ചതിന് ഷിൻഡെ വിഭാഗത്തെ കള്ളന്മാരെന്ന് വിശേഷിപ്പിച്ച താക്കറെ, സ്വന്തമായൊന്നും ഇല്ലാത്തവർ മറ്റുള്ളവരുടെ സാധനങ്ങൾ തട്ടിയെടുക്കുന്ന പ്രവണത കാണിക്കുന്നതായും താക്കറെ പറഞ്ഞു. ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതുകൊണ്ടു ഇത് ചെയ്യുന്നതായിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
“തെരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിക്കാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണ്. ജനങ്ങൾ, അണികൾ എന്‍റെ കൂടെയുണ്ട്. ശിവസേന യിലെ ഭൂരിഭാഗം പേരും ഇപ്പോഴും നമ്മുടെ കൂടെതന്നെയാണ്. ബാക്കിയൊക്കെ അവരുടെ സ്വപ്നമാണ് .ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ഇവരെന്താണെന്നു ജനം കാണിച്ചു കൊടുക്കും.ഇവരെ തെരഞ്ഞെടുപ്പിൽ ചുട്ടെരിക്കുമെന്നും താക്കറെ പറഞ്ഞു. ബിജെപി ഒരു വെല്ലുവിളിയല്ല. പക്ഷേ, അവർ അധികാരത്തിലുണ്ട്, അധികാരത്തിലിരിക്കുമ്പോൾ അവർ ചെയ്യുന്നതെന്തും വെല്ലുവിളിയാണ്. നമ്മുടെ ജനാധിപത്യം എങ്ങനെ പൂർവാവസ്ഥയിലാക്കാം എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും താക്കറെ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കാലത്ത് കാർഷിക വരുമാനം ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച മോദി സർക്കാർ എവിടെപോയി. കർഷകരുടെ വരുമാനം ഇരട്ടിയായോ? മോദി സർക്കാരിന്‍റെ നയങ്ങളെ വിമർശിച്ച് താക്കറെ ചോദിച്ചു. മാത്രമല്ല, ഷിൻഡെ സർക്കാരിനേയും താക്കറെ അതെരൂക്ഷമായ ഭാഷയിൽ വിമർശിച്ചു.”ഇത്രയും കാലയളവിൽ സർക്കാർ എന്താണ് ജനങ്ങൾക്ക് വേണ്ടി ചെയ്തതെന്നും, ചോദ്യം ചോദിക്കുന്നവനെ എന്നും നിശബ്ദ നാക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഹിന്ദുത്വ വിഷയത്തിൽ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാടുകളുള്ള ബിജെപിയെ അദ്ദേഹം വിമർശിച്ചു. “നിങ്ങൾ ഹിന്ദുത്വത്തോട് പ്രതിബദ്ധതയുള്ളവരാണെങ്കിൽ എന്തുകൊണ്ടാണ് ഗോവയിൽ ഗോവധ നിരോധനം നടപ്പാക്കാത്തതെന്നും” ഉദ്ധവ് താക്കറെ ചോദിച്ചു.