വണ്ണപ്പുറം: ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വണ്ണപ്പുറത്ത് തൂണ് ഒടിഞ്ഞ് വീണ് വൈദ്യുതി മുടങ്ങിയ വിവരം കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തൂണ് മാറ്റാൻ രണ്ട് ദിവസമെടുത്തെന്ന് നാട്ടുകാരുടെ ആരോപണം. ഇതേ തുടർന്ന് ഒരു പൂർണ്ണ പ്രവർത്തി ദിവസം കഷ്ടപ്പെട്ടത് വണ്ണപ്പുറത്തെ വ്യാപാരികളും ഉൽപ്പാദകരും ചെറുകിട സംരംഭകരുമാണ്. അവധി ദിവസം ആയതിനാൽ ആണ് തൂണ് മാറ്റാൻ വൈകിയത് എന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ഞായറാഴ്ച വെളുപ്പിനായിരുന്നു തൂണ് ഒടിഞ്ഞ് വീണത്. വിഷുവും റംസനും ഉൾപ്പെടെയുള്ള തുടർച്ചയായ അവധി ദിവസങ്ങൾ കഴിഞ്ഞു വന്ന പ്രവർത്തി ദിവസം ടൗണിൽ ഉൾപ്പെടെ വൈദ്യുതി മുടക്കിയത് മൂലം വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും പൂർണ്ണമായും നഷ്ടത്തിന്റെ ദിനമായിരുന്നു.
ഇതിനു മുമ്പും ഇത്തരത്തിൽ അനുഭവമുണ്ടായിട്ടുണ്ടെന്നും കാളിയാർ കെ.എസ്.ഇ.ബി ഓഫീസ് കെടുകാര്യസ്ഥയുടെയും ഉത്തര വാദിത്ത മില്ലായ്മയുടെയും കേന്ദ്രമാണെന്നും ജനങ്ങൾ ആരോപിച്ചു. വണ്ണപ്പുറം കോടിക്കുളം പഞ്ചായത്തിന്റെ ഉൾഗ്രാമങ്ങളിൽ വൈദ്യുതി പോയാൽ പുനസ്ഥാ പിക്കാൻ ദിവസങ്ങൾ വൈകാറുണ്ട്. കാറ്റോ മഴയോ ഉണ്ടായാൽ പിന്നെ ആഴ്ചകളോളം വൈദ്യുതി മുടങ്ങും. പരാതിപ്പെടാൻ വിളിച്ചാൽ നല്ല സമീപനമല്ല ഉണ്ടാകുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.