കൊച്ചി: ഉയർന്ന പി.എഫ് പെൻഷന് ജോയിന്റ് ഓപ്‌ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്ക് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്‌ച സമയപരിധി അവസാനിക്കാനിരിക്കെ കെ.എസ്.എഫ്.ഇ നൽകിയ ഹർജിയിലാണ് ഇ.പി.എഫ്.ഒ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇത് രേഖപ്പെടുത്തിയ ജസ്‌റ്റിസ് മുരളി പുരുഷോത്തമൻ വിശദമായ പ്രസ്‌താവന സമർപ്പിക്കാൻ ഇ.പി.എഫ്.ഒയ്‌ക്ക് മെയ് 30 വരെ സമയം നൽകി. പെൻഷൻ പദ്ധതി തുടങ്ങിയതുമുതലുള്ള ഓരോ ജീവനക്കാരന്റെയും ശമ്പള പി.എഫ് വിഹിതം സംബന്ധിച്ച ഓരോ മാസത്തെയും കണക്ക് പ്രത്യേകമായി തൊഴിലുടമ നൽകണമെന്നാണ് ഇ.പി.എഫ്.ഒ നിർദേശം.
നിരവധി ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇത് പൂർത്തിയാക്കാനായിട്ടില്ല. പലപ്പോഴും വെബ്‌സൈറ്റ് തകരാറായതും പ്രശ്‌നമായി. അതുകൊണ്ട് 3 മാസമെങ്കിലും സമയം നീട്ടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.