ഒറ്റപ്പാലം: കടമ്പൂരിൽ പുള്ളിമാൻ കിണറ്റിൽപ്പെട്ടു. കടമ്പൂർ ശക്തി നഗറിൽ വരിക്കോട്ടിൽ കിഴക്കേക്കര വീട്ടിൽ രാമചന്ദ്രന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് മാൻ വീണത്. വ്യാഴം പകൽ 11 നാണ് കിണറ്റിൽ മാനിനെ കണ്ടെത്തിയത്. ബുധൻ രാത്രി വീണതാവാനാണ് സാധ്യത. കിണറിന്റെ മുകളിലെ വല പൊട്ടിയത് കണ്ട് കിണറ്റിലേക്ക് നോക്കിയപ്പോഴാണ് മാനിനെ കണ്ടത്.
തിരുവഴിയോടുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. ഓഫീസർ വി താരൂഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഒലവക്കോട് ആർആർടി സംഘത്തെ വിവരമറിയിച്ചു. ഇവരെത്തി മാനിനെ പുറത്തെടുത്തു. മാനിന്റെ കൈകാലുകളിൽ മുറിവേറ്റിട്ടുണ്ട്. കിണറ്റിൽ വെള്ളം കുറവായിരുന്നു. ഒരുഭാഗത്തുള്ള പാറയിൽ തട്ടിയിട്ടാണ് മുറിവെന്നാണ് പ്രാഥമിക നിഗമനം.
ധോണിയിലെ മൃഗാശുപത്രിയിൽ ചികിത്സ നൽകി കാട്ടിലേക്ക് തിരിച്ചുവിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യമായാണ് പ്രദേശത്ത് മാനിനെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കൂനൻമലയിൽനിന്ന് ഇറങ്ങിയതാവാനാണ് സാധ്യത. നിരവധിയാളുകൾ മാനിനെ കാണാനെത്തി.