മലമ്പുഴ: അണക്കെട്ട് പരിസരത്ത് മത്സ്യത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മീൻപിടിച്ച് മടങ്ങുകയായിരുന്ന മലമ്പുഴ കരടിയോട് സ്വദേശി ജോണി(58)ക്കുനേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടയിൽ വീണ ജോണിയുടെ കാലിന് പരിക്കേറ്റു. വ്യാഴം രാവിലെ എട്ടരയോടെയാണ് സംഭവം.
കരടിയോട് പ്രദേശത്ത് സ്ഥിരമായി ആനക്കൂട്ടം എത്താറുണ്ടെന്നും ഇരുപത്തഞ്ചോളം കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു. പത്തുമുതൽ മുപ്പതോളം ആനകൾ ഒന്നിച്ചാണ് പ്രദേശത്ത് എത്തുന്നത്. മലമ്പുഴ അണക്കെട്ടിൽ കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്നത് സ്ഥിരം കാഴ്‌ചയാണ്.
ജില്ലയില്‍ കാട്ടാനകളുടെ ആക്രമണങ്ങൾ പെരുകുകയാണ്. 20 മാസത്തില്‍ അട്ടപ്പാടിയില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം 17നാണ് സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങിയ ആഞ്ചക്കക്കൊമ്പ് ഊരിലെ കന്തസ്വാമി (40)യാണ് കാട്ടാന ആക്രമണത്തിന്റെ അവസാന ഇര. ഇയാളെ ആന തുമ്പിക്കൈകൊണ്ട് തൂക്കിയെറിയുകയായിരുന്നു.
2023ൽ അട്ടപ്പാടിയില്‍ മാത്രം നാല് ജീവനുകൾ പൊലിഞ്ഞു. ജനുവരിയിൽ ഷോളയൂർ പഞ്ചായത്തിലെ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (46), ഫെബ്രുവരിയിൽ പുതൂർ താഴേ മുള്ളി ഊരിലെ നഞ്ചൻ (60) എന്നിവരും കൊല്ലപ്പെട്ടു. പ്രതിഷേധവുമായി കർഷകർ കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് കർഷക സംഘം മലമ്പുഴ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ വാളയാർ ഫോറസ്‌റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്‌തു. വില്ലേജ് പ്രസിഡന്റ് എസ് കൃഷ്ണമൂർത്തി അധ്യക്ഷനായി.
മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, കർഷകസംഘം ഏരിയ പ്രസിഡന്റ് ബിനോയ് ചാക്കോ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ കെ പ്രമോദ്, എസ് സുൽഫീക്കർ അലി, കർഷകസംഘം വില്ലേജ് സെക്രട്ടറി സക്കീർ എന്നിവർ സംസാരിച്ചു. അയ്യപ്പൻമലയിലേക്ക് കയറ്റും കാട്ടാനക്കൂട്ടത്തെ അയ്യപ്പൻമലയിലേക്ക് തുരത്താൻ നടപടി തുടങ്ങി. കർഷക സംഘം നേതാക്കൾ ഡിഎഫ്ഒ കുറ ശ്രീനിവാസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആർആർടിയുടെ മൂന്ന് സംഘങ്ങളെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകുന്ന ദിവസവും രാവിലെ ആർആർടി സംഘം പ്രദേശത്തുണ്ടാകും. ആനകൾ നശിപ്പിച്ച മാവിൻതോട്ടങ്ങൾക്ക് ഉടൻ നഷ്‌ടപരിഹാരം നൽകും. ആനകൾ അയ്യപ്പൻമലയിലേക്ക് കയറിയില്ലെങ്കിൽ കുങ്കിയാനകളെ എത്തിക്കാനും ചർച്ചയിൽ തീരുമാനമായി.