പഠനവും പരീക്ഷയും കഴിഞ്ഞു. കുട്ടികളുടെ അവധിക്കലമാണിത്. ഉല്ലാസയാത്രകള്‍ക്കും ബന്ധുവീടുസന്ദര്‍ശനങ്ങള്‍ക്കും സമയം കണ്ടെത്തുന്ന നാളുകള്‍. മനസ്സിന്റെ പിരിമുറുക്കത്തിനയവു കണ്ടെത്തുന്ന കാലം!
അവധിക്കാലത്തും അല്ലാതെയുമുള്ള വിനോദവേളകളില്‍ അപകടങ്ങള്‍ വന്നുഭവിക്കുന്നത് ആനുകാലികവാര്‍ത്തകളില്‍ സാധാരണമാകുന്നു. ജീവനും ജീവിതവും പരമപ്രധാനമാണെന്നത് നമ്മുടെ പുസ്തകത്താളുകളില്‍ ഉള്‍പ്പെടാതെ പോകുന്നുവോ? ജോലിയും ഉന്നതവേതനവും ഉയര്‍ന്ന ജീവിതസൗകര്യങ്ങളും മാത്രമാണോ ജീവിതം; നമ്മുടെ ജീവനെ ദുരന്തമുഖത്തുകൂടി നടത്തുന്നതില്‍നിന്നു മാറിനില്‍ക്കാനുള്ള വിവേകം നമ്മുടെ ആഘോഷങ്ങള്‍ക്കുണ്ടാകേണ്ടേ? എന്തു മാത്രം ജീവനുകളാണ് അകാലത്തില്‍ പൊലിയുന്നത്? ഇതൊന്നും നമ്മെ ബാധിക്കുന്നതല്ലെന്ന രീതിയില്‍ നാമെങ്ങോട്ടാണ് തിടുക്കത്തില്‍ ഓടുന്നത്?
കടലില്‍ തിരമാലയ്ക്കു സമയവും കാലവും നേരവുമില്ല; കടലിന്റെ ആഴം നമ്മുടെ സാമാന്യബുദ്ധിക്കതീതമാണ്. കുളങ്ങളും തോടുകളും കാട്ടരുവികളും പുഴകളുമൊക്കെ നമ്മുടെ ജീവനെടുക്കുന്നതിലേക്കു വഴിനയിക്കരുത്. പ്രകൃതിയുടെ ഭാവം ഏതു സമയത്തും മാറാം; മാറാത്തൊരു മനസ്സിന്റെ ഉറപ്പും വിവേകപൂര്‍ണമായ തീരുമാനങ്ങളും നമുക്കുണ്ടാകണം. എന്തിനെയും ജാഗ്രതയോടെ നിരീക്ഷിക്കുന്ന ഒരു നേതൃഭാവം നമ്മുടെ വിനോദയിടങ്ങളില്‍ ഉണ്ടാകണം. നിര്‍ദേശങ്ങളും നിയമങ്ങളും മുന്‍കരുതലുകളും അനുസരിക്കാനുള്ള ആര്‍ജവം നമുക്കുണ്ടാകണം.
ആഘോഷങ്ങളിലേക്കുള്ള യാത്രകളില്‍ കരുതല്‍ ആവശ്യമാണ്. പ്രകൃതിയെ അനുഭവിക്കുകയും സ്വന്തമാക്കുകയുമല്ല; മറിച്ച്, പ്രകൃതിയുടെ അദ്ഭുതത്തെ മനംകുളിര്‍ക്കെക്കണ്ട് സ്രഷ്ടാവായ ദൈവത്തിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുകയാണു വേണ്ടത്.
അവധിക്കാലവും വിനോദയാത്രകളും വിരഹവും വേദനയുംകൊണ്ടു നിറയ്ക്കരുത്. ഓരോരുത്തരും വായിക്കുന്ന വാര്‍ത്തകളില്‍ പൊലിഞ്ഞ ജീവിതസ്വപ്നങ്ങള്‍ എത്രയെന്നോര്‍ക്കാറുണ്ടോ? മറ്റൊരാളുടെ ദുരന്തം നമ്മുടെ ജീവിതത്തിന് ഒരു പാഠമാകണം. കുട്ടികളെ ഒറ്റയ്ക്കും കൂട്ടമായും കാണാമറയത്തേക്ക് ആഘോഷത്തിനായി വിടരുതേ! ‘ചോദ്യവും അന്വേഷണവും’കൊണ്ട് കണ്ണും കാതുമെത്തുന്നിടത്തേക്കുമാത്രം വേനലവധിയുടെ വിനോദവഴികള്‍ നീളട്ടെ.
കൗമാരക്കാരുടെ ആഘോഷങ്ങളില്‍ ഇന്നു കണ്ടുവരുന്ന ‘ലഹരി’ജീവിതത്തെ വഴിതെറ്റിക്കുന്നുവെന്നും ജീവിതത്തെ അലക്ഷ്യമായി കാണരുതെന്നും മക്കളെ ബോധവത്കരിക്കണം. അവധികളും ആഘോഷങ്ങളും ആപത്തിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള ജാഗ്രത നമുക്കെല്ലാവര്‍ക്കുമുണ്ടാകണം.
ജീവിതത്തെ ദൈവം നോക്കിക്കാണുന്നതെങ്ങനെയെന്നു തിരിച്ചറിയാനുള്ള വിവേകവും വിശുദ്ധവിചാരങ്ങളും നമുക്കിടയില്‍ ശക്തമാകണം. അണുകുടുംബത്തിലെ ആധുനികത ഏകാന്തതയും ഒറ്റപ്പെടലും ശക്തമാക്കുമ്പോള്‍ കുടുംബാംഗങ്ങളുടെ ആകസ്മികനഷ്ടം കടുത്ത ശൂന്യതയാണു സൃഷ്ടിക്കുന്നത്. ജീവിക്കാനുള്ള ആശ ഒരു ‘ലഹരി’യായി നമ്മുടെ ജീവിതത്തില്‍ നിറയണം. മക്കളുടെ ലഹരി ജീവിതംതന്നെയാകണം. മറ്റെന്തു നേട്ടങ്ങളെക്കാളും ദൈവം തന്ന ജീവിതത്തെ കരുതലോടെ കാക്കുന്നതിലാകണം നാളെയുടെ തലമുറയ്ക്കു പരിശീലനം നല്‍കേണ്ടത്.
ജീവിതത്തിന്റെ സകല അവസരങ്ങളും ആഘോഷമാക്കുന്ന ആധുനികതലമുറ ജീവിതംതന്നെയാണ് ആഘോഷമെന്നു മറന്നുപോകുന്നു. പണ്ടെന്നതിനെക്കാളും മക്കളുടെ സ്വതന്ത്രസഞ്ചാരത്തിന് ആക്കംകൂടിയിരിക്കുന്നു. സാങ്കേതികവിദ്യകളുടെയും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും അതിപ്രസരം പക്വതയെത്താത്ത മക്കളില്‍ സ്വപ്നങ്ങള്‍ നിറയ്ക്കുന്നു. യാഥാര്‍ഥ്യബോധമില്ലാത്ത വാര്‍ത്തകളിലും ചിത്രങ്ങളിലും സംവിധാനങ്ങളിലും ആകൃഷ്ടരാകുന്ന തലമുറ അടിച്ചുപൊളിയെന്ന ആധുനികപദത്തില്‍ മനമൂന്നുന്നു; വഴിതെറ്റുന്നതിനും മോഹങ്ങള്‍ക്കു തീ പിടിക്കുന്നതിനുമൊക്കെ അതു കാരണമാകുന്നു.
ഇന്നത്തെ മക്കളില്‍ സ്വത്വബോധം വര്‍ധിക്കണം; തനിക്കാകുന്നതും ആകാത്തതും സ്വയം തിരിച്ചറിയണം. ചുറ്റുമുള്ളവരിലേക്കു നോക്കി പുറപ്പെടാതെ തന്നിലേക്കുതന്നെ നോക്കി വിലയിരുത്താനുള്ള പക്വതകൂടിയുണ്ടാകണം, ഒപ്പമെത്താനുള്ള ‘ത്രില്‍’ മക്കളുടെ ജീവിതത്തില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. നീന്തലറിയാത്തവര്‍ ജലാശയത്തിലിറങ്ങുന്നതിലെ സാംഗത്യം ചിന്തിക്കേണ്ടതല്ലേ? ഒരുപക്ഷേ, നീന്തല്‍വിദഗ്ധനും തന്റെ പ്രാഗല്ഭ്യം പ്രവര്‍ത്തനക്ഷമമാകാതെ പോകാമല്ലോ?
ഇന്നത്തെ സംഗീതവും ഭക്ഷണരീതികളും സുഹൃദ്ബന്ധങ്ങളുമൊക്കെ നീര്‍ക്കുമിളപോലെ ‘ക്ഷണികസുന്ദര’മാകുന്നുവെന്നുള്ളത് ഇന്നിന്റെ അപകടമാണ്. മനസ്സിനെ ശാന്തമാക്കുന്നതും ചിന്തിപ്പിക്കുന്നതും ഉദ്‌ബോധിപ്പിക്കുന്നതുമായ സംഗീതം പാടേ നഷ്ടമായിരിക്കുന്നു; വിനോദയിടങ്ങള്‍ ‘ചടുലതാളം’കൊണ്ട് മുഖരിതമാകുന്നു; യുവനിരയുടെ സിരകളില്‍ വല്ലാതെ പടര്‍ന്നുകയറുകയും ചെയ്യുന്നു; ഒപ്പം, എന്തു റിസ്‌കും എടുക്കാനുള്ള ‘മനക്കരുത്ത്’ നേടുകയും ചെയ്യുന്നു. ആവേശഭരിതമായ ആഘോഷങ്ങളില്‍ യുവത വല്ലാതെ ആകര്‍ഷിക്കപ്പെടുന്നു; സിരകളിലെ ലഹരി ചിന്തകളില്‍ വിള്ളല്‍ തീര്‍ക്കുന്നു; അരുതുകളെ അവഗണിക്കുന്നു. നമ്മുടെ വീടുകളില്‍ സംവാദങ്ങളും നിര്‍ദേശങ്ങളും ഉണ്ടാകണം. ശ്രദ്ധിക്കേണ്ട വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെടണം. സെല്‍ഫോണിന്റെ ഇടുങ്ങിയ ലോകത്തുനിന്നു വിശാലമായ ലോകത്തേക്കു മുഖവും മനവുമുയര്‍ത്താന്‍ മക്കളെ പഠിപ്പിക്കണം.
അമ്മത്തത്തിന്റെ അടങ്ങാത്ത കാത്തിരിപ്പിനെ മക്കള്‍ മറക്കാതിരിക്കണം. ചുറ്റുമുള്ളവയില്‍ സന്തോഷം കണ്ടെത്തുന്ന തിരക്കില്‍ നമ്മുടെ ജീവിതംതന്നെ സന്തോഷമായിക്കരുതി കാത്തിരിക്കുന്ന മുതിര്‍ന്നവര്‍ക്കു സങ്കടം വച്ചുനീട്ടരുത്.
ജീവനെയും ജീവിതത്തെയും അവഗണിച്ചുള്ള വിനോദചിന്തകള്‍ എന്തിനുവേണ്ടിയാണ്? ഇനിയും ജീവനുകള്‍ അകാലത്തില്‍ പൊലിയാതിരിക്കാന്‍ നമ്മുടെ മനസ്സുകളെ നിയന്ത്രിക്കണം. ആവര്‍ത്തിക്കപ്പെടുന്ന അപകടങ്ങള്‍ നമ്മുടെ ആഘോഷചിന്തകള്‍ക്കു മാറ്റംവരുത്തണം. ദുരന്തം പതിയിരിക്കുന്നിടത്തുനിന്നു നാം ഓടിമാറണം; മറ്റുള്ളവരെ മാറ്റണം. നാമന്വേഷിക്കുന്ന സന്തോഷം നമ്മുടെയുള്ളില്‍ത്തന്നെയുണ്ട്. യഥാസമയം തിരിച്ചറിയണമെന്നുമാത്രം! ബാഹ്യമായ ആഘോഷങ്ങളില്‍ നിമഗ്നരാകുമ്പോഴും നമ്മുടെ ആന്തരികയിടങ്ങള്‍ സന്തോഷത്താല്‍ നിറയുന്നുണ്ടോ? സന്തോഷം ഓടിനടന്നന്വേഷിക്കുന്നതിനെക്കാള്‍ ഒരുനിമിഷം മൗനത്തിലിരുന്ന് ഉള്ളിലേക്കു നോക്കുക. അപ്പോള്‍ സന്തോഷം യഥാര്‍ഥത്തില്‍ തമ്മില്‍ത്തന്നെയെന്നു കണ്ടെത്താന്‍ കഴിയും. നമ്മിലെ സന്തോഷം തിരിച്ചറിഞ്ഞാല്‍ ദുരന്തത്തിന്റെ നൂല്‍പ്പാലത്തിലൂടെ സന്തോഷം അന്വേഷിച്ചു പുറപ്പെടില്ല.