കോട്ടയം: കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്‍റെ വീട്ടിലെത്തി മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏറെ വൈകാരികമായാണ് വന്ദനയുടെ പിതാവ് മുൻ മന്ത്രിയോട് പ്രതികരിച്ചത്. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും അതൊന്നും തങ്ങൾക്കു സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണസമയത്ത് പൊലീസിന്‍റെ കൈയിൽ തോക്കുണ്ടായിരുന്നു, അതുപയോഗിക്കേണ്ട, സമീപത്ത് കിടന്നിരുന്ന കസേര എടുത്ത് അക്രമിയെ അടിച്ചിരുന്നെങ്കിൽ പോലും മകളെ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്നും വന്ദനയുടെ പിതാവ് ശൈലജയോട് ചോദിച്ചു.
പഞ്ചാബിലായിരുന്നു മകൾക്ക് ആദ്യം അഡ്മിഷൻ ലഭിച്ചത്. അത്ര ദൂരെ വിടാൻ കഴിയാത്തതു കൊണ്ടാണ് ഇവിടെ കാശു കൊടുത്ത് അഡ്മിഷൻ എടുത്തതെന്നും മകളെ ഡോക്റ്ററാക്കണമെന്നത് തന്‍റെ അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കുട്ടികൾക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണം. അതില്ലാത്തതു കൊണ്ടാണ് ആളുകൾ കേരളത്തിനു പുറത്തേക്ക് പോകുന്നത്. പോയവരാരും തിരിച്ചു വരുന്നില്ലെന്നും അദ്ദേഹം ശൈലജയോട് പറഞ്ഞു.