ആലുവ: പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച കൊളെജ് വിദ്യാർഥിക്ക് ക്രൂരമർദനം. പെൺകുട്ടിയുടെ അമ്മാവൻറെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ആലുവ യുസി കോളെജ് വിദ്യാർഥിയായ തൗഫീഖും ഇതേകൊളെജിൽ ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയായിട്ട് പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടിൽ അറിയുകയും അച്ഛൻറെ നിർദേശപ്രകാരം യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് വീട്ടിൽ നിന്നും തൗഫീഖിനെ ബലമായി കൂട്ടികൊണ്ടു പോവുകയും കാറിലിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് കളമശേരിയിലെ ലോഡ്ജിലും ആളൊഴിഞ്ഞ പറമ്പിലിട്ട് മർദിക്കുകയായിരുന്നു.
മാത്രമല്ല ഫാനിൽ കെട്ടിതൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ പാതിരാത്രിക്ക് തൗഫീഖിനെ വീടിനു സമീപം ഇറക്കിവിടുകയായിരുന്നു. ശേഷം ഒളിവിൽപോയ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.