കൊച്ചി: വധശിക്ഷകൾ പുനപരിശോധിക്കണമെന്ന ചരിത്ര പ്രസ്താവനയുമായി കേരള ഹൈക്കോടതി. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ജിഷാ കൊലക്കേസ്, ആറ്റിങ്ങൾ ഇരട്ടക്കൊല തുടങ്ങിയ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് പുനപരിശോധിക്കുക.
ഈ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ജയിൽ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി മാർഗ നിർദേശത്തിൻറെ പശ്ചാത്തലത്തിലാണ് നടപടി. മിറ്റിലേഷൻ അന്വേഷണത്തിലൂടെ പ്രതികളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യം, മാനസിക നില, ഇവരനുഭവിക്കുന്ന പീഡനം തുടങ്ങിയ പരിശോധിച്ച ശേഷമാവും വധശിക്ഷ സംബന്ധിച്ച് പുനപരിശോധന ആവശ്യമാണോയെന്ന് കോടതി തീരുമാനിക്കുക.
കേരളത്തിൽ ആദ്യമായിട്ടാണ് മിറ്റിഗേഷൻ അന്വേഷണത്തിന് കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റ് പശ്ചാത്തലങ്ങൾ പരിഗണിക്കണമെന്ന സുപ്രീം കോടതി മാർഗ നിർദ്ദേശത്തിൻറെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
ആറ്റിങ്ങൾ ഇരട്ടക്കൊല 2014 ഉം ജിഷാ കൊലക്കേസ് 2016 ലുമാണ് നടന്നത്. ആറ്റിങ്ങൾ ഇരട്ടക്കൊലക്കേസിൽ വധ ശിക്ഷ ലഭിച്ച പ്രതി നിനോ മാത്യു നിലവിൽ പൂജപ്പുര ജയിലിലും ജിഷാക്കൊലക്കേസ് പ്രതി മുഹമ്മദ് അമീറുൾ ഇസ്‌ലാം വിയ്യൂർ ജയിലിലുമാണ് തടവിൽ കഴിയുന്നത്.