തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നതെന്നും തുടര്‍ നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പഠനത്തിനായി ജെ.ബി.കോശി കമ്മീഷനെ നിയമിച്ചത്. ഇതിനിടയില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം, വിവേചനവും നീതി നിഷേധവുമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദ് ചെയ്ത് വിധി പ്രഖ്യാപിക്കുകയും ചെയ്തു.
കാര്‍ഷിക മലയോര തീരദേശ മേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, ജീവിത പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ പ്രതിസന്ധികള്‍, കോച്ചിംഗ് സെൻററുകളിലെ വിവേചനം, ക്രൈസ്തവരുള്‍പ്പെടെ പൊതുസമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അഞ്ചുലക്ഷത്തോളം പരാതികളും നിര്‍ദ്ദേശങ്ങളും ലഭിച്ചുവെന്ന് കമ്മീഷന്‍ തന്നെ ഇതിനോടകം വ്യക്തമാക്കിയിരിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രസക്തിയും, ഗൗരവവും സൂചിപ്പിക്കുന്നു.
സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടും, ക്ഷേമ പദ്ധതി നിർദ്ദേശങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തുവിടണം. തുടര്‍നടപടികളും വിവിധ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളില്‍ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ആത്മാര്‍ത്ഥ സമീപനം അടിയന്തരമായി സ്വീകരിക്കണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.