തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഏഴ് വർഷം കൊണ്ട് 15 ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിൻറെ ഭാഗമായെന്നും കൂട്ടിച്ചേർത്തു.
വേനലവധിക്കു ശേഷം സ്കൂളുകൾ തുററക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വി.എച്ച്.എസ്.എസ് മലയൻകീഴ് സ്കൂളിൽ നടത്തിയ പ്രവേശനോത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ ജി.ആർ അനിൽ, ആൻറണി രാജു വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ജില്ലാതലങ്ങളിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരുമാണ് ഉദ്ഘാടകർ. പ്രവേശനോത്സവ ഗാനത്തിൻറെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിലീസ് ചെയ്തു.
സർക്കാർ, എയിഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആകെ 13,964 സ്കൂളുകളാണ് ഉള്ളത്. അൺ എയിഡഡ് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് 3 ലക്ഷത്തിലധികം കുരുന്നുകളാണ് ഈ വർഷം എത്തുന്നത്.