കട്ടപ്പന: മൂന്നാറിൻ്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുത കാഴ്ച്ചയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന കുറിഞ്ഞി പൂക്കൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൂന്നാറിലെത്തും. മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും. ഇടുക്കി ജലാശയത്തിൻ്റെ പശ്ചാത്തലത്തിൽ പൂവിട്ട് നിൽക്കുന്ന നീലവസന്തം ആരേയും ആകർഷിക്കും.
വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപൂക്കൾ, മഞ്ഞ് പെയ്യുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിയാക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീല നിറമാകും. ഓണക്കാലത്ത് വിനോദ സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് കല്യാണത്തണ്ടും നീലവസന്തവും.