Timely news thodupuzha

logo

തലശേരി റെയിൽവേ സ്‌റ്റേഷൻ വികസനം; തലശേരി വികസനവേദിയുടെ ഉപവാസം നാളെ

തലശേരി: പാലക്കാട്‌ റെയിൽവേ ഡിവിഷനിലെ പ്രധാനപ്പെട്ട എ ക്ലാസ്‌ സ്‌റ്റേഷനായിട്ടും ബി ക്ലാസ്‌ പരിഗണനപോലുമില്ലാതെ തലശേരി സ്‌റ്റേഷൻ അവഗണനയുടെ ട്രാക്കിൽ. വന്ദേഭാരത്‌, അന്ത്യോദയ തുടങ്ങി മറ്റ്‌ എ ക്ലാസ്‌ സ്‌റ്റേഷനിൽ നിർത്തുന്ന ട്രെയിനുകളെല്ലാം തലശേരിവഴി കടന്നുപോകുന്നു.

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള 35 സ്‌റ്റേഷനുകളിലൊന്നാണ്‌ തലശേരി. നിലവിലുള്ള ലൂപ്പ്‌ ലൈൻ മാറ്റിയാൽ 12 ട്രെയിനുകളെങ്കിലും നിർത്താനുള്ള സാഹചര്യമുണ്ടാവും.റെയിൽവേ ഡിവിഷണൽ മാനേജറും മറ്റും ഇടയ്‌ക്കിടെ തലശേരിയിൽ എത്തുന്നുണ്ടെങ്കിലും വികസനപദ്ധതികൾ ഇപ്പോഴും കടലാസിലാണ്‌.

രണ്ട്‌ പ്ലാറ്റ്‌ഫോമിലും 24 മണിക്കൂറും ടിക്കറ്റ്‌ ലഭിക്കുന്ന സംവിധാനമില്ല. സ്‌റ്റേഷനിലെ രണ്ട്‌ പ്ലാറ്റ്ഫോമിനും പൂർണമായും മേൽക്കൂര വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. പുതിയ ബസ്‌സ്‌റ്റാൻഡിൽനിന്ന്‌ സ്‌റ്റേഷനിലേക്ക്‌ അപ്രോച്ച്‌ റോഡിന്‌ നഗരസഭ സന്നദ്ധത അറിയിച്ചിട്ടും റെയിൽവേ പച്ചക്കൊടി കാട്ടിയിട്ടില്ല.

സ്‌റ്റേഷൻ വികസനം ആവശ്യപ്പെട്ട് തലശേരി വികസനവേദിയുടെ ഉപവാസം നാളെ – തലശേരി റെയിൽവേ സ്‌റ്റേഷന്റെ സമഗ്രവികസനമെന്ന ആവശ്യവുമായി തലശേരി വികസനവേദി ശനിയാഴ്‌ച പഴയ സ്‌റ്റാൻഡിൽ ഉപവാസം നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന്‌ കെ മുരളീധരൻ എം.പി ഉദ്‌ഘാടനംചെയ്യും. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി അധ്യക്ഷയാവും. ലൂപ്പ്‌ലൈൻ മാറ്റുക, തലശേരി– കണ്ണൂർ വിമാനത്താവളം – മാനന്തവാടി – മൈസൂരു റെയിൽപാത അടിയന്തര പ്രാധാന്യം നൽകി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ്‌ സമരം. വാർത്താസമ്മേളനത്തിൽ കെ.വി ഗോകുൽദാസ്‌, സജീവ്‌ മാണിയത്ത്‌, ഇ.എം അഷറഫ്‌, പ്രൊഫ. എ.പി സുബൈർ, സി.പി അഷറഫ്‌, വി.ബി ഇസ്‌ഹാഖ്‌, പി സമീർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *