ന്യൂഡൽഹി: അപ്രതീക്ഷിതമായുണ്ടായ ട്രെയിൻ അപകടത്തിന്‍റെ നടുക്കം വിട്ടു മാറാതെ ഒഡീശ. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് നിഗമനം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. തകർന്ന കോച്ചുകളിൽ പരിശോധന തുടരുകയാണ്.
അതേ സമയം രാജ്യം കണ്ട ഏറ്റവും വലിയ അപകടത്തിനു കാരണമായത് സിഗ്നലിങ് സിസ്റ്റത്തിന്‍റെ അപര്യാപ്തതയാണന്ന് പ്രതിപക്ഷം ആരോപിച്ചു. വിവിധ പാളങ്ങളിലായി മൂന്നു ട്രെയിനുകൾ അപകടത്തിൽ പെടുക എന്നത് വിശ്വസിക്കാനാകാത്തതാണ്. ഉത്തരം നൽകേണ്ട ഗൗരവകരമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ടിഎംസി വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉടൻ രാജി വയ്ക്കണമെന്ന് സിപിഐ എംപി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ആഡംബര തീവണ്ടികളിൽ മാത്രമാണ് സർക്കാരിപ്പോൾ ശ്രദ്ധയൂന്നുന്നത്. സാധാരണ ജനങ്ങളുടെ സുരക്ഷ അവഗണിക്കപ്പെടുകയാണ്. അതിന്‍റെ ഫലമാണിപ്പോൾ ഒഡീശയിൽ കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.