തിരുവനന്തപുരം: തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്താത്ത, അവരുടെ വരുമാനത്തിൽ കുറവ് വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ലെന്ന് സി.ഐ.റ്റി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും തൊഴിലുടമകൾക്ക് ന്യായമായ വിധത്തിൽ ബിസിനസ് ചെയ്യാൻ സൗകര്യമുണ്ടാകുന്നതിനും സംഘടന എതിരല്ല. നാടിന്റെ പൊതുവായ വികസനവും വളർച്ചയും ലക്ഷ്യംവച്ചാണ് സിഐടിയു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.റ്റി.യു) നേതൃ-ത്വത്തിൽ ചുമട്ടുതൊഴിലാളികൾ നടത്തിയ സെക്രട്ടറിയറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാനുള്ള ഭേദഗതികൾ 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിൽ നടപ്പാക്കണം. ചുമട്ടുമേഖലയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാവർക്കും തൊഴിൽസംരക്ഷണം വേണം.
കോടതികൾക്ക് ഇടപെടാനുള്ള പഴുത് നിയമത്തിൽ ഉണ്ടാകാൻ പാടില്ല. ഭദ്രവും യുക്തവുമായ തീരുമാനത്തിലേക്ക് സർക്കാർ പോകണം. പാർലമെന്റ് പാസാക്കിയ ലേബർ കോഡിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിന് ഒരു വ്യവസ്ഥയുമില്ല. ജോലി സമയം ദിവസം എട്ടുമണിക്കൂർ എന്ന തത്വം ബലികഴിക്കുന്നതാണ് ലേബർ കോഡിലെ വ്യവസ്ഥ.
കേരളത്തിൽ മാത്രമാണ് തൊഴിലാളിക്ക് ക്ഷേമപെൻഷനുള്ളത്. കേരളത്തിൽ മുപ്പതോളം ക്ഷേമപെൻഷനുണ്ട്. ഏകദേശം 58 ലക്ഷം തൊഴിലാളികൾ ഈ ക്ഷേമപദ്ധതിയിൽ അംഗങ്ങളാണ്. കേരളത്തിന് വെളിയിൽ അങ്ങനെയൊരു പദ്ധതിയോ, തൊഴിലാളിക്ക് ജോലി സുരക്ഷിതത്വം നൽകുന്ന പദ്ധതികളോ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.