അടിമാലി: മാനസിക വിഭ്രാന്തിയുള്ള സഫിയ ആരോരുമില്ലാതെ വനത്തിനുള്ളിൽ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. അടിമാലി കൂമ്പൻപാറക്ക് സമീപം റോഡിൽ നിന്നും രണ്ടു കിലോമീറ്ററോളം ഉൾവനത്തിലാണ് വീട്. വിവരം അറിഞ്ഞ ഉടൻ കോതമംഗലം പീസ് വാലി സ്ഥലത്തത്തി സഫിയയെ ഏറ്റെടുക്കുകയായിരുന്നു.
അകന്ന ബന്ധു പറഞ്ഞതനുസരിച്ച് കൂമ്പൻപാറയിലെത്തിയ പീസ് വാലി പ്രവർത്തകർ കണ്ടത് പകൽ പോലും വെളിച്ചം എത്തിനോക്കാൻ മടിക്കുന്ന പാറകെട്ടുകൾക്ക് നടുവിൽ കാട്ടുപന്നികൾ വിഹരിക്കുന്ന സ്ഥലത്ത് നാളുകളായി പട്ടിണിയിൽ കഴിയുന്ന സഫിയയെയാണ്. മാനസിക വെല്ലുവിളി നേരിടുന്ന ഈ നാൽപത്തി അഞ്ചുകാരിക്ക് താൻ ജീവിക്കുന്ന ദുരിതവസ്ഥ പോലും തിരിച്ചറിയാൻ കഴിഞിരുന്നില്ല. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു കെട്ടിയ ഷെഡിലാണ് സഫിയ കഴിഞ്ഞിരുന്നത്. 2018 ലെ പ്രളയത്തിന് ശേഷം സമീപത്തുണ്ടായിരുന്ന രണ്ടു വീട്ടുകാരും ഇവിടെ നിന്നും താമസം മാറി പോയിരുന്നു. മദ്യപാനിയായ ഭർത്താവ് വല്ലപ്പോഴുമാണ് എത്തുന്നത്.
ഭക്ഷണവും മരുന്നും നൽകി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് സഫിയയെ പീസ് വാലിയിലേക്ക് എത്തിച്ചത്. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസികാരോഗ്യ കേന്ദ്രത്തിലാണ് സഫിയക്ക് അഭയം നൽകിയത്. പീസ് വാലി ഭാരവാഹികളായ പി.എം അഷ്‌റഫ്, ഷെഫിൻ നാസർ, റ്റി.എം ആയിഷ, അനാമിക എന്നിവർ നേതൃത്വം നൽകി.