ന്യൂഡൽഹി: ഒഡീശ ട്രെയിൻ ദുരന്തത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അപകട സ്ഥലം സന്ദർശിക്കും. ട്രെയിൻ ദുരന്തം നടന്ന ബാലസോർ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരുമായി കൂടിക്കാഴ്ച്ച നടത്തും. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അദ്ദേഹം അപകട സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയതായും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഇന്നലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രി 7.20 ഓടെയാണ് അപകടമുണ്ടായത്.
238 പേരാണ് ട്രെയിൻ ദുരന്തത്തിൽ മരിച്ചത്. 650 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പൂർത്തിയതായാണ് വിവരം. സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.