കൊച്ചി: യുവതിക്ക് നേരെകെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.
സവാദെന്ന യുവാവ് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. തുടർന്ന് യുവതി പ്രശ്നമുണ്ടാക്കി. ഇതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിനു പിന്നാലെ യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
തുടർന്ന് സംഭവം പൊതുജന ചർച്ചയായി മാറി. ഒരു വിഭാഗം ആളുകൾ യുവതിയെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും സവാദിന് സ്വീകരണം നൽകുമെന്ന നിലപാട് പുറത്തറിയിച്ചിരിക്കുകയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ. സംഘടനയുടെ പ്രസിഡന്റ് അജിത് കുമാറാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിവരം പുറത്തറിയിച്ചത്.
അസോസിയേഷൻ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതെന്നാണ്. യുവാവ് മോശം കാര്യങ്ങൾ ചെയ്തതിന് യുവതി പ്രചരിപ്പിച്ച വിഡിയോയിൽ തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നുമുള്ള യുക്തി രഹിതവും നീതി നിഷേധവുമായ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് കുറ്റവാളിയെ സംരക്ഷിക്കുവാൻ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് സംഘടന.