Timely news thodupuzha

logo

എ.ഐ ക്യാമറകളിൽ തെളിയുന്ന നിയമലംഘനങ്ങൾക്ക് 5 മുതൽ പിഴ ഈടാക്കി തുടങ്ങും

തിരുവനന്തപുരം: അഞ്ചാം തീയതി മുതൽ കേരളത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജെൻറ് അഥവാ എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങും. സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത് 726 എ.ഐ ക്യാമറകളാണ്.

അനധികൃത പാർക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, അനധികൃത പാർക്കിംഗ് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അമിതവേഗം 1500 രൂപ, ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‍താൽ 1000 രൂപ, എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിൽ ചുവപ്പു സിഗ്‌നൽ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും.

12 വയസിൽ താഴെയുള്ള കുട്ടിയാണ് ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരനെങ്കിൽ പിഴ ഈടാക്കില്ലെന്ന് എം.വി.ഡി തീരുമാനിച്ചിരുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറകൾക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി ആൻറണി രാജു അടുത്തിടെ പറഞ്ഞിരുന്നു.

പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ പദ്ധതി പ്രഖ്യാപിച്ച സമയത്ത് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ശരാശരി രണ്ടര ലക്ഷത്തിന് താഴെയായിട്ടുണ്ട്. അഞ്ച് മുതൽ നിയമം നടപ്പിലാക്കി തുടങ്ങുമ്പോൾ ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത് പ്രതീക്ഷിക്കുന്നത്.

എന്നാൽ കോൺഗ്രസിന്റെ എ.ഐ ക്യാമറകൾക്ക്‌ മുന്നിൽ സമരം നടത്തുമെന്ന പ്രഖ്യാപനത്തിനെതിരെ കുറഞ്ഞ നിയമലംഘനത്തിൻറെ കണക്കുകളുമായി സി.പി.എം രംഗത്തെത്തി. വാഹന അപകടങ്ങളിൽ ജീവൻ പൊലിയുന്നത്‌ ഒഴിവാക്കാനും, അപകടങ്ങൾ പരമാവധി കുറയ്‌ക്കുന്നതിനും കോടതിയുടെ നിർദ്ദേശമുൾപ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ്‌ പ്രധാന റോഡുകളിലും, ജംഗ്‌ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകൾ സംസ്ഥാന സർക്കാർ സ്ഥാപിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അറിയിച്ചു.

ക്യാമറകൾ സ്ഥാപിച്ച്‌ ദിവസങ്ങൾക്കകം തന്നെ വിജയകരമാണെന്ന്‌ തെളിയിക്കും വിധം നിയമലംഘനങ്ങൾ കുറഞ്ഞു. ഏപ്രിൽ 20 നാണ്‌ എഐ കാമറ സംവിധാനം സംസ്ഥാനത്ത്‌ പ്രവർത്തനം ആരംഭിച്ചത്‌. ഏപ്രിൽ 17-ന്‌ 4,50,552 വാഹനങ്ങൾ വിവിധ നിയമലംഘനം നടത്തിയെങ്കിൽ കഴിഞ്ഞ 24-ന്‌ ഇത്‌ 2,72,540 ആയി കുറഞ്ഞെന്നും റിപ്പോർട്ടുകൾ വന്നു. നിയമലംഘനങ്ങളുടെ എണ്ണം പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ, ഒരു ലക്ഷത്തിൽ താഴെയാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ വ്യക്തമാക്കി.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിലൂടെ റോഡപകടങ്ങൾ കുറയ്‌ക്കുന്നതിന്‌ സ്ഥാപിച്ച എഐ ക്യാമറകൾക്ക്‌ മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ്‌ പ്രഖ്യാപനം അപഹാസ്യമാണെന്നും ചൂണ്ടികാട്ടി. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങൾക്ക്‌ ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ്‌ സംസ്ഥാന സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അത്‌ തടയുകയെന്ന ഗൂഢ ലക്ഷ്യമാണ്‌ കോൺ​ഗ്സിന്റെ സമര പ്രഖ്യാപനത്തിന്‌ പിന്നിലുള്ളതെന്നും സി.പി.എം കുറ്റപ്പെടുത്തി.

എമർജൻസി വാഹനങ്ങളായ പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് മറ്റ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ തുടങ്ങിയവയെ പിഴകളിൽ നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, എം.എൽ.എമാ,ർ മേയർമാർ തുടങ്ങി ഭൂരിഭാഗം ജനപ്രതിനിധികളും നിയമം ലംഘിച്ചാലും നോട്ടീസ് അയക്കാതെ പിഴയിൽ നിന്നും ഒഴിവാക്കും എന്നാണ് ചില കേന്ദ്രങ്ങൾ ആരോപണം ഉന്നയിക്കുന്നത്. ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ സൂചിപ്പിച്ചു. നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള നിർദേശങ്ങൾ ഇതിനായി ഉയർന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *