തൊടുപുഴ: ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ തോമസ് തിങ്കളാഴ്ച ആരംഭിച്ച നിരാഹാര സമരവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിളിച്ചുചേർത്ത ചർച്ചയിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിരാഹാര സമരം പിൻവലിക്കുകയായിരുന്നു.
വിദ്യാർത്ഥി കൺസെഷൻ സംബന്ധിച്ച പ്രായപരിധി 25 വയസ്സാക്കി നിജപ്പെടുത്തുക, അർഹതപ്പെട്ടവർക്ക് മാത്രം കൺസെഷൻ അനുവദിക്കുന്ന രീതിയിൽ കാർഡ് സമ്പ്രദായം കർശനമായി നടപ്പാക്കുക, കൺസഷൻ നിരക്ക് സംബന്ധിച്ച് ഡോക്ടർ രവി രാമൻ കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക, തുടർ നടപടികൾ റിപ്പോർട്ട് ലഭിച്ച ശേഷം ഫെഡറേഷൻ ഭാരവാഹികളുമായി ചർച്ച ചെയ്ത് നടപ്പിലാക്കുക, കാലങ്ങളായി ആവശ്യപ്പെടുന്ന സ്വകാര്യ ബസ് വ്യവസായം നിലനിർത്തുന്നതിനു ഈ മേഖല നേരിടുന്ന പ്രതിസന്ധി സംബന്ധിച്ചു പഠിച്ച് റിപ്പോർട്ടിനായി ഒരു കമ്മീഷനെ നിയോഗിക്കുക, എൽ.എസ്.ഒ.എസ് വിഷയുമായി ബന്ധപ്പെട്ട് മെയ് നാലിലെ വിജ്ഞാപനം സംബന്ധിച്ച് വന്ന ഹൈക്കോടതി വിധി പരിശോധിച്ച ശേഷം ചർച്ച ചെയ്ത് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുക, എറണാകുളം ജില്ലയിൽ വൈപിൻ മേഖലയിലെ നിലവിലുള്ള സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ നിലനിർത്തുന്നത് സംബന്ധിച്ച ആവശ്യം പരിഗണിക്കുക തുടങ്ങിയ ബസ് ഉടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ ഗതാഗത വകുപ്പ് അംഗീകരിച്ചതായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നിരാഹാര സമരം പിൻവലിച്ചത്.
തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസ്, വൈസ് പ്രസിഡൻര് കെ.എം സലിം, ട്രഷറർ പി.എം ജോർജ് എന്നിവർ പങ്കെടുത്തു.