മുംബൈ: ബിസിനസുകാരനായ ജേഷ്ഠൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. 32 കാരനായ തേജസ് പാട്ടീലിനാണ് കുത്തേറ്റത്. തുടർന്ന് ബൈക്കിൽ കുത്തിയ കത്തിയുമായി സഞ്ചരിച്ച് ആശുപത്രിയിൽ സ്വയം ചികിത്സ തേടുകയായിരുന്നു. ജൂൺ മൂന്നിനായിരുന്നു മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സംഭവം നടന്നത്. അത്ഭുതകരമായാണ് ബിസിനസുകാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
സൻപാഡയിലെ സെക്ടർ 5ലെ വീട്ടിൽ ഉറങ്ങുകയായിരുന്ന തേജസിന്റെ കഴുത്തിൽ സഹോദരൻ മോനിഷ്(30) കത്തി കുത്തിയിറക്കുകയായിരുന്നു. ഞെട്ടി ഉണർന്ന മോനിഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കത്തിയൂരാതെ ചോരയൊലിച്ച കഴുത്തുമായാണ് തേജസ് സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിൽ അഭയം പ്രാപിച്ചത്. ഒരു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് തേജസ് വാഹനത്തിൽ സഞ്ചരിച്ചത് അസഹനീയമായ വേദനയും രക്തസ്രാവവും വകവയ്ക്കാതെയാണ്.
ആശുപത്രി അധികൃതർ തേജസിനെ ഉടനെ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴുത്തിൽ നിന്നും കത്തി നീക്കം ചെയ്ത് മുറിവേറ്റ രക്തക്കുഴലുകൾ തുന്നിച്ചേർത്ത് ഡോക്ടർ തേജസിന്റെ ജീവൻ രക്ഷിച്ചു.
സഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മോനിഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പ്രതിക്കൊപ്പം കൃത്യ നിർവഹണ സമയത്ത് ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒളിവിലാണ്, ഇവരെ ഉടനെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.