തിരുവനന്തപുരം: കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. നിലവിൽ മിനിക്കോയ് തീരത്തായുള്ള കാലവർഷം ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
സംസ്ഥാനത്ത് തെക്കൻ, മധ്യ കേരളത്തിൽ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വടക്കൻ കേരളത്തിൽ വൈകീട്ടോടെ മഴക്ക് സാധ്യത. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലകൾക്കും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകി. അടുത്ത 12 മണിക്കൂറിനുള്ളിൽ അറബിക്കലടിലെ തീവ്ര ചുഴലിക്കാറ്റ് അതിതീവ്രമാകും.
ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്.