അടിമാലി: താലൂക്ക് ആശുപത്രി നിലവിൽ നേരിടുന്ന പോരായ്മകൾക്ക് ഉടനടി അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് അഡ്വ: എ.രാജ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ചെല്ലപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കാത്ത്ലാബ് ഉടൻ പ്രവർത്തന സജ്ജമാക്കും. നിലവിലെ ഒഴിവുകൾ നികത്തും. വൈകുന്നേരങ്ങളിലും ഒ.പി. സൗകര്യം ഏർപ്പെടുത്തും. ഐ.സി.യു ആംബുലൻസിൽ മെയിൽ നെഴ്സിൻ്റെ സേവനം ഉറപ്പാക്കും. മച്ചിപ്ലാവിലെ അമ്മയും കുഞ്ഞും അശുപത്രിക്ക് 28.5 കോടി ചെലവിട്ട് പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ സ്ട്രക്ചറൽ പ്ലാൻ തയ്യാറായിക്കഴിഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ദേവികുളം താലൂക്കിലെ മാത്രമല്ല ഹൈറേഞ്ചിലെ തന്നെ രോഗികൾ എത്തുന്ന പ്രധാന ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി. റോഡപകടങ്ങൾ ഉൾപ്പെടെ അത്യാസന്ന നിലയിൽ എത്തുന്ന അടിയന്തിര പ്രാധാന്യമുള്ള രോഗികൾക്ക് പല സമയത്തും നൂതന സൗകര്യങ്ങളുടെ അഭാവം ചികിത്സ വൈകാനും നിഷേധിക്കാനും കാരണമാകുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എം.എൽ.എ.യും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.