പറ്റ്ന: ജൂൺ 23ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറ്റ്നയിൽ വിളിച്ചിരിക്കുന്ന യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും എത്തിച്ചേരും.
കൂടാതെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഉത്തർ പ്രദേശ് മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, മഹാരാഷ്‌ട്ര മുൻമുഖ്യമന്ത്രിയും ശിവസേന (യു.ബി.ടി) അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, എൻസിപി മേധാവി ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, സിപിഐ-എംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പങ്കെടുക്കും.
യോഗത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയത് ജെ.ഡി.യു ദേശീയ പ്രസിഡൻറ് ലല്ലൻ സിങ്ങും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിനായി ചർച്ച നടത്തുന്നതിനു വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.
യോഗം ജൂൺ 12നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അതേസമയം കോൺഗ്രസുമായി ആലോചിക്കാതെയാണ് തീയതി നിശ്ചയിച്ചതെന്നു പരാതി ഉയർന്നതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
ആർ.ജെ.ഡി പ്രസിഡൻറ് ലാലു പ്രസാദ് യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് ബിഹാറിൽ രൂപീകരിച്ച മഹാഗഠ്ബന്ധൻറെ മാതൃകയിൽ ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കാനാണ് ശ്രമമെന്ന് തേജസ്വി യാദവ് അറിയിച്ചു. ബി.ജെ.പിയെ പ്രതിപക്ഷ ഐക്യത്തിൻറെ സ്ഥാനാർഥികൾ 450 ലോക്‌സഭാ സീറ്റുകളിൽ നേർക്കുനേർ നേരിടണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.