അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളത്തായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക. 74343 പേരെ ഇതുവരെ ഗുജറാത്തിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി.
ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. കാറ്റഗറി 3ലെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിപോർജോയ് കരതൊടുമ്പോൾ മണിക്കൂറിൽ 140 മുതൽ 150 വരെ കിലോമീറ്റർ വേഗത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
മരങ്ങൾ കടപുഴകി വീഴാനും പഴയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കും താൽക്കാലിക നിർമിതികൾക്കും വൻനാശനഷ്ടമുണ്ടായെക്കുമെന്നാണ് മുന്നറിയിപ്പ്.