ഗാംഗ്ടോക്ക്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വടക്കൻ സിക്കിമിൽ ഒറ്റപ്പെട്ടുപോയ 3,500-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.
കഴിഞ്ഞ 3 ദിവസമായി തുടരുന്ന മഴയെ തുടർന്ന് 60 ഓളം കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാരികളായിരുന്നു വടക്കൻ സിക്കിമിലെ ലാചെൻ, ലാചുങ് മേഖലകളിൽ കുടുങ്ങി കിടന്നത്.
വടക്കൻ സിക്കിമിലെ ചുങ്താങ് മേഖലയിലെ ഒരു പാലവും കനത്ത മഴയിൽ ഒലിച്ചുപോയി. മേഖലയിൽ മിന്നൽ വെള്ളപ്പൊക്കവുമുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ 2000-ത്തിലധികം വിനോദസഞ്ചാരികളെയാണ് രക്ഷപ്പെടുത്തിയത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻറേയും ത്രിശക്തി കോർപ്സിൻറേയും നേത്യത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
റോഡ് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കായി ടെൻറുകളും മെഡിക്കൽ എയ്ഡ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.