മുംബൈ: മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുകയാണ്. സർവേ ഫലങ്ങളും ഭരണം പിടിക്കാനുള്ള പാർട്ടികളുടെ ശ്രമങ്ങളുമായി തിരക്കുകൾ തുടങ്ങി. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ സർവേ ഫലം പുറത്തു വന്നിരിക്കുകയാണ്.
സർവേ റിപ്പോർട്ടു പ്രകാരം ഏറ്റവും ജനപ്രീതിയുള്ള നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ്. രണ്ടാം സ്ഥാനം മുൻമുഖ്യമന്ത്രി അശോക് ചവാനാണ്. ഏറ്റവും കൗതുകകരമായ കാര്യം നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ലിസ്റ്റിൽ നാലാമതാണെന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റിൽ 125 മുതൽ 129 വരെ സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നാണ് സർവേ പ്രവചിക്കുന്നത്.
ഷിൻഡെ വിഭാഗം 25 സീറ്റുകളിൽ ഒതുങ്ങുമെന്നും കോൺഗ്രസ് 50 മുതൽ 53 സീറ്റുകളും എൻസിപി 55 മുതൽ 56 വരെ സീറ്റുകളും ശിവസേന (യുബിടി) 17 മുതൽ 19 വരെ സീറ്റുകളും നേടുമെന്നും സർവേ പ്രവചിക്കുന്നു.
സംസ്ഥാനത്ത് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ പ്രതിപക്ഷം മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സർവേ വിലയിരുത്തുന്നു.
ന്യൂസ് അരീന ഇന്ത്യ അടുത്തിടെ നടത്തിയ തിരഞ്ഞെടുപ്പ് സർവേയിൽ മഹാരാഷ്ട്രയിലെ വോട്ടർമാരുടെ യഥാർത്ഥ വികാരം കൃത്യമായി പ്രതിഫലിക്കുന്നില്ലെന്ന് എൻ.സി.പിയുടെ മുഖ്യ വക്താവ് മഹേഷ് തപസെ പറഞ്ഞു.
പാർട്ടി എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന പാർട്ടി അധ്യക്ഷൻ ജയന്ത് പാട്ടീലും നിയമസഭയിൽ എൻ.സി.പിയുടെ പ്രകടനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.നിലവിൽ തിരഞ്ഞെടുപ്പ് നടന്നാൽ എൻ.സി.പി ഏറ്റവും വലിയ കക്ഷിയായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സർവേ ഒട്ടും വിശ്വസനീയമായി തോന്നുന്നില്ല. ഞങ്ങളുടെ പാർട്ടി നിരവധി സ്വകാര്യ സർവേകളും നടത്തിയിട്ടുണ്ട്, ഞങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, എൻ.സി.പി ഏറ്റവും വലിയ കക്ഷിയായി വരുമെന്ന് തന്നെയാണ് ആത്മവിശ്വാസം. പാട്ടീൽ പറഞ്ഞു.
അതേസമയം, സർവേയെ വിമർശിച്ച കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ, നിലവിലെ സംസ്ഥാന സർക്കാരിലെ രണ്ട് സഖ്യകക്ഷികളും പരസ്പരം തുരങ്കം വയ്ക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസ്താവിച്ചു.
ആദ്യം ഷിൻഡെ ഒരു സർവ്വേയുമായി വരികയും ഉപ മുഖ്യമന്ത്രി ഫഡ്‌നാവിസിനേക്കാൾ തന്‍റെ മികവ് ചിത്രീകരിക്കാൻ വ്യാപകമായി പരസ്യം ചെയ്യുകയും ചെയ്തു.
ഇപ്പോൾ ബിജെപി തങ്ങളുടെ മേൽക്കോയ്മ കാണിക്കുന്ന ഒരു സർവേയുമായി വന്നിരിക്കുന്നു.ഓരോ നാടകങ്ങളാണ് ,ഈ സർവ്വേ വ്യാജമാണ് ലോന്ദെ അഭിപ്രായപ്പെട്ടു.