ബോസ്റ്റൺ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ പര്യവേക്ഷണം ദുരന്തത്തിൽ അവസാനിച്ചതായി സ്ഥിരീകരണം. യാത്രക്കാരായ അഞ്ചു പേരും മരിച്ചതായി ടൈറ്റൻ പേടകം നിർമിച്ച യു.എസ് ആസ്ഥാനമായ ഓഷ്യൻഗേറ്റ് അറിയിച്ചു.
പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ കോസ്റ്റ് ഗാർഡും അറിയിച്ചു. യാത്രക്കാരെ നഷ്ടമായെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി ഓഷ്യൻഗേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. ടൈറ്റാനിക്കിന്റെ അടുത്തുനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊട്ടിത്തെറിയാണ് പേടകത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് സൂചന.
കറാച്ചി ആസ്ഥാനമായ വൻകിട ബിസിനസ് ഗ്രൂപ്പ് ‘എൻഗ്രോ’ യുടെ ഉടമ ഷഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ്, ഓഷ്യൻ ഗേറ്റ് എക്സ്‌പെഡീഷൻസ് സിഇഒ സ്‌റ്റോക്ടൺ റഷ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്.
96 മണിക്കൂറിലേക്ക് ആവശ്യമായ ഓക്സിജനുമായി അഞ്ചംഗ സംഘം ഞായർ പുലർച്ചെയാണ് ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് പോയത്. 1.45 മണിക്കൂറിൽ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. ഏകദേശം രണ്ടര ലക്ഷം ഡോളറാണ്(രണ്ട് കോടി ഇന്ത്യൻ രൂപ) ഈ യാത്രയുടെ നിരക്ക്.