Timely news thodupuzha

logo

സംസ്ഥാനത്തേക്ക്‌ ട്രെയിനിൽ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്‌ റെയിൽവേയുമായി ധാരണയുണ്ടാക്കും

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ട്രെയിനിൽ കേരളത്തിലേക്ക്‌ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ റെയിൽവേയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്‌ ധാരണയുണ്ടാക്കും. റെയിൽവേ സ്‌റ്റേഷൻ വളപ്പിൽ പരിശോധനയ്‌ക്ക്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ നിലവിൽ അനുമതിയില്ല.

ഈ പ്രതിസന്ധി മറികടക്കുന്നതിന്‌ റെയിൽവേ അധികൃതരുമായി ചർച്ച നടത്തും. ഒഡിഷയിൽനിന്ന്‌ ഷാലിമാർ എക്‌സ്‌പ്രസിൽ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച മീൻ പുഴുവരിച്ചതാണെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ്‌ നീക്കം. ട്രോളിങ്‌ നിരോധനകാലത്ത്‌ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യാപകമായി മീൻ എത്തുന്നുണ്ട്‌.

തൃശൂർ ജില്ലയിലെ 18 മീൻമാർക്കറ്റിൽനിന്ന്‌ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്‌. ഇവ പരിശോധിക്കുകയാണ്‌. കഴിഞ്ഞദിവസം ഒഡിഷയിൽനിന്ന്‌ ഉപ്പിട്ട്‌ എത്തിച്ച മീൻ ഉണക്കാനാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്‌.

പഴകിയ മീനും രാസവസ്‌തുക്കൾ ചേർത്ത മീനും കണ്ടെത്താൻ ഓപ്പറേഷൻ മത്സ്യ എന്ന പേരിൽ സ്‌ക്വാഡുകൾ രൂപീകരിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌ പരിശോധന ആരംഭിച്ചിട്ടുണ്ട്‌. മൊബൈൽ ലാബും പ്രവർത്തന സജ്ജമാണ്‌.

Leave a Comment

Your email address will not be published. Required fields are marked *