തൊടുപുഴ: പ്രമുഖ ഭക്ഷ്യ ബ്രാന്റായ ബ്രാഹ്മിൺസ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ മണക്കാട് പുതുക്കുളം ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10.ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൊടുപുഴ കേന്ദ്രീകരിച്ച് ചെറിയ രീതിയിൽ തുടങ്ങി കേരളത്തിലും ഇന്ത്യയിലുമെന്നല്ലാ യൂറോപ്പും അമേരിക്കയും ഓസ്ട്രേലിയും ഉൾപ്പെടെ വിവിധ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും പടർന്നു പന്തലിച്ച സ്ഥാപനത്തിന്റെ അമരക്കാരനാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.
രുചിക്കൂട്ടിൽ വിസ്മയം തീർത്ത് ഒരു നാടിന്റെ മനസ്സിലേക്ക് സൈക്കിൾ ചവിട്ടിക്കയറിയ സംരംഭകനാണു വി. വിഷ്ണു നമ്പൂതിരിയെന്ന തൊടുപു ഴക്കാരൻ. മലയാളിയുടെ ഭക്ഷണ സങ്കൽപങ്ങൾക്ക് പാരമ്പര്യ തനിമയുടെ പിൻബലം നൽകിയ രുചി സാമ്രാജ്യമാണ് ഇന്ന് ബ്രാമിൺസ്.
1987ൽ വീടിനോടു ചേർന്നു ചെറിയ തോതിൽ ആരംഭിച്ച് മുളകും മല്ലിയും മറ്റു ധാന്യങ്ങളും പൊടിച്ചു വിൽപന നടത്തിയാണു വിഷ്ണു നമ്പൂതിരി രുചി വ്യാപാരത്തിലേക്കു തിരിയുന്നത്. തൊടുപുഴയിൽ നിന്ന് കൂത്താട്ടുകുളം, മൂലമറ്റം, വാഴക്കുളം എന്നിവിടങ്ങളിലേക്ക് സൈക്കിളിൽ പോയി വിൽപന നടത്തിയിരുന്ന കാലം അദ്ദേഹം അഭിമാനത്തോടെയാണ് ഓർത്തിരുന്നത്. സഹായിക്കാൻ രണ്ടു ജീവനക്കാർ മാത്രമാണ് അന്നു ണ്ടായിരുന്നതെന്നും അദ്ദേഹം പറയുമായിരുന്നു.
വളരെ വേഗം ആവശ്യക്കാരുടെ രുചിപ്പട്ടികയിൽ ഇടംനേടാൻ വിഷ്ണു നമ്പൂതിരിയുടെ ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞു. 35,000 രൂപ സ്വയംതൊഴിൽ വായ്പയായി എടുത്താണു സംരംഭം തുടങ്ങിയത്. അതിനു മുൻപ് ഇരുപത്തിരണ്ടോളം ബിസിനസുകൾ ചെയ്തതിനു ശേഷമാണു കറി പൗഡർ മേഖലയിലേക്കു കടന്നത്. ഒന്നും നഷ്ടത്തിൽ പോയിട്ടില്ല. പാർട്ണർഷിപ്പിൽ ചെരിപ്പു വിൽപനയിലാണു തുടക്കം. വെളിച്ചെണ്ണ വിൽപന, പ്രസ് തുടങ്ങിയ മേഖലകളിലും കൈവച്ചു. ഒടുവിൽ രുചിക്കൂട്ട് നാട്ടിൽ ഹിറ്റായി.
ആദ്യഘട്ടത്തിൽ തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ മാത്രമായിരുന്നു വിൽപ്പന. 2010നു ശേഷമാണു വലിയ തോതിൽ അച്ചാറിന്റെയും മസാലക്കൂട്ടിന്റെയും കച്ചവടം ആരംഭിച്ചത്. പിന്നീടു സ്ഥാപനം വളർന്നു. വിഷ്ണു നമ്പൂതിരിയെന്ന സംരംഭകന്റെ അധ്വാനവും ആത്മാർഥതയുമായിരുന്നു ഇതിനു പിന്നിൽ. ഇന്ത്യയ്ക്ക് പുറമേ ബ്രിട്ടൻ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലും വിപണി കണ്ടെത്താൻ കമ്പനിക്കു കഴിഞ്ഞത് വലിയ നേട്ടമാണ്. എളിയ രീതിയിൽ തുടങ്ങിയ ഒരു പ്രസ്ഥാനത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചശേഷമാണ് രുചിക്കൂട്ടിന്റെ പര്യായമായ ബ്രാഹ്മിൺസ് സ്ഥാപകന്റെ വിടവാങ്ങൽ.
വിഷ്ണു നമ്പൂതിരിയുടെ നിര്യാണത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട നൂറുകണക്കിന് ആളുകളാണ് അന്ത്യാജ്ഞലി അർപ്പിക്കുവാനായി മണക്കാട് പുതുക്കുളം ഇല്ലത്തേക്ക് ഒഴുകിയെത്തിയത്.
ഇലഞ്ഞി ആലപുരം മഠത്തിൽമന കുടുംബാഗം മഞ്ജരിയാണ് ഭാര്യ. ബ്രാഹ്മിൺസ് മാനേജിംഗ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു, ബ്രാഹ്മിൺസ് ഡയറക്ടർ സത്യ വിഷ്ണു എന്നിവർ മക്കളാണ്. ബ്രാഹ്മിൺസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർച്ചന, ബ്രാഹ്മിൺസ് ഡയറക്ടർ ജിതിൻ ശർമ്മ എന്നിവർ മരുമക്കളാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് പുതുക്കുളം ഇല്ലപ്പറമ്പിൽ.