Timely news thodupuzha

logo

അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയും നീളും

റിയാദ്: ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് സൗദി അറേബ്യൻ കോടതി അഞ്ചാം തവണയും മാറ്റിവച്ചു. കഴിഞ്ഞ 19 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ വിചാരണ ഡിസംബർ 12 ലേക്കായിരുന്നു നേരത്തെ മാറ്റി വച്ചിരുന്നത്.

എന്നാൽ, സിറ്റിങ്ങിലെ സാങ്കേതിക തടസങ്ങൾ മൂലം വിചാരണ പിന്നീട് 30ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ, റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പരശോധന ആവശ്യമാണെന്ന് പറഞ്ഞ് കേസ് വീണ്ടും ജനുവരി 15 ലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസംബർ 30 ന് രാവിലെയായിരുന്നു സിറ്റിങ് നിശ്ചയിച്ചിരുന്നത്.

സിറ്റിങ്ങിൽ എല്ലാം തീർപ്പാക്കി ഉത്തരവിന്‍റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നായിരുന്നു പ്രതീക്ഷ. തീരുമാനം അനുകൂലമായാൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പാസ്പോർട്ട് വിഭാഗത്തിന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനും സാധിക്കുമായിരുന്നു.

2006 ഡിസംബർ 25 നാണ് അബ്ദുൾ റഹീമിനെ സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട് സൗദിയിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹ്റിയുടെ സ്പോൺസർഷിപ്പിൽ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയിൽ എത്തിയത്.

വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റിയെന്ന 18കാരനെ പരിചരിക്കലായിരുന്നു റഹീമിന്‍റെ ജോലി. കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ അനസ് ബിൻ ഫായിസ് ജീവൻ നിലനിർത്തിയത് ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു.

യാത്രക്കിടെ സിഗ്നലിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്‍റെ കൈ തട്ടി അനസിന്‍റെ ദേഹത്ത് ഘടിപ്പിച്ച വയർ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതാണ് അനസിന്‍റെ മരണത്തിൽ കലാശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *