ഇടുക്കി: വണ്ടിപെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലേക്ക് കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21ന് രാവിലെ 10ന് തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയോ അസിസ്റ്റന്റ് എഞ്ചിനീയറോ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എന്നാൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കുടിവെള്ളവും റോഡും ഉറപ്പാക്കുന്നത് സംബന്ധിച്ച പരാമർശം ഇല്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്. വണ്ടിപെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിരുത്തരവാദപരമായിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന് മുൻകൂർ നോട്ടീസ് നൽകിയശേഷം വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറും സംയുക്തമായി സ്ഥലപരിശോധന നടത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. വഞ്ചിവയൽ ആദിവാസി കോളനിയിലെ ഊരുമൂപ്പന്റെയും സ്ഥലവാസികളിൽ ചിലരുടെയും മൊഴി രേഖപ്പെടുത്തണം. കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ മനസിലാക്കണം.
ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും മുൻകൂർ നോട്ടീസ് നൽകണം. സ്ഥല പരിശോധനാ ദിവസം റേഞ്ച് ഓഫീസർ സ്ഥലത്ത് ഹാജരാകണം. നിലവിലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാൻ സ്വീകരിക്കേണ്ട നടപടികൾ പഞ്ചായത്ത് സെക്രട്ടറി പരിശോധിക്കണം.
സ്ഥല പരിശോധനയുടെയും ലഭ്യമായ മറ്റ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറി മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.