ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിലെ സ്ഥിതി വഷളാക്കുന്നതിന് കോടതിയെ വേദിയാക്കരുത്. ക്രമസമാധാനത്തിന്‍റെ ചുമതല ഏറ്റെടുക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെറെ പരിധിയിൽ വരുന്ന കാര്യമാണ് ക്രമസമാധാനം. അതിൽ കോടതിക്ക് നേരിട്ട് ഇടപെടാനാകില്ല.
എന്തെങ്കിലും പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി നിർദേശം നൽകാൻ മാത്രമാണ് സാധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സംസ്ഥാനത്തെ അക്രമസാഹചര്യങ്ങളെക്കുറിച്ച് അഭിഭാഷകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇതൊരു നിയമവേദിയാണ്, അല്ലാതെ രാഷ്ട്രീയ വേദിയല്ലെന്ന് കോടതി വിമർശിച്ചത്. ഇത് പക്ഷപാതപരമായ കാര്യമല്ലെന്നും മനുഷ്യത്വപരമായ വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.